തിരുവനന്തപുരം: കോവിഡ് സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ. ഇതിനായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കീഴിൽ രൂപീകരിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്‍റെ ഘടനയും പ്രവർത്തനങ്ങളും വിപുലീകരിച്ചതായും സർക്കാർ അറിയിച്ചു. സർക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജ സന്ദേശങ്ങളും ഇനി മുതൽ ഫാക്ട് ചെക്കിന്‍റെ പ്രവർത്തനങ്ങളിലാണ് ഉൾപ്പെടുക. വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ജില്ലാ ഇൻഫർമേഷൻ കേന്ദ്രങ്ങളിലും ഫാക്ട് ചെക്ക് സെല്ലുകൾ സ്ഥാപിക്കും. കൂടുതൽ പേരിലേക്ക് വിവരങ്ങൾ എത്തിക്കാനായി ഒരു വെബ് പോർട്ടലും ഒരുങ്ങുന്നുണ്ട്. പൊതുജനങ്ങൾക്ക് സംശയം തോന്നുന്ന വാർത്തകൾ, സന്ദേശങ്ങൾ എന്നിവ ഫാക്ട് ചെക്കിന്‍റെ വാട്സ്ആപ്പ് നമ്പർ ആയ 9496003234 ലേക്ക് കൈമാറാവുന്നതാണ്.
ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്സാപ്പിലൂടെ ഇതുവരെ 1635 സംശയകരമായ സന്ദേശങ്ങള്‍ ജനങ്ങൾ കൈമാറിയിരുന്നു. ഇതിൽ 1586 എണ്ണത്തിന് വാട്സാപ്പ് അഡ്മിന്‍ മുഖാന്തരം മറുപടി നല്‍കി. കൂടുതല്‍ അന്വേഷണം ആവശ്യമായതും സര്‍ക്കാരിനെയും പൊതുജനജീവിതത്തെയും സാരമായി ബാധിക്കുന്നതുമായ 49 വാർത്തകളുടെ നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ (https://www.facebook.com/IPRDFactCheckKerala/ ) ജനങ്ങളെ അറിയിക്കുകയും ചെയ്തു. കൂടുതൽ ഗൗരവമുള്ള 12 എണ്ണം കേരളാ പോലീസിന്റെ സൈബര്‍ഡോമിന് തുടര്‍നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്.