'കേരളം വിട്ടപ്പോൾ രാഹുൽ വേഷംമാറി, കാവിഷാൾ അണിഞ്ഞു'; സി.പി.എം കേന്ദ്രങ്ങളുടെ പ്രചാരണം ശരിയോ?
text_fieldsബംഗളൂരു: 18 ദിവസം കേരളം ഇളക്കി മറിച്ച് പ്രചരണം നടത്തിയ ശേഷം ഇന്ന് കർണാടകയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര പുതിയ ഒരു വിവാദത്തിലേക്കും കൂടിയാണ് പ്രവേശിച്ചത്. വിവാദം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ വേഷം തന്നെ. യാത്രയുടെ തുടക്കത്തിൽ ബി.ജെ.പിയാണ് രാഹുലിന്റെ വസ്ത്രത്തിൽ 'കയറിപ്പിടിച്ചതെങ്കിൽ' ഇത്തവണ സി.പി.എം സൈബർ അനുകൂലികൾ ആണെന്നുമാത്രം.
ജോഡോ യാത്രയിൽ രാഹുല്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടിന് 41000 രൂപ വിലയുണ്ടെന്ന ആരോപണവുമായാണ് ബി.ജെ.പി ആദ്യം രംഗത്തുവന്നത്. ടീഷര്‍ട്ടിന്റെ ചിത്രവും വിലയുമടക്കം ബിജെപി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശ നിര്‍മിത ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ പദയാത്ര നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സാക്ഷാൽ അമിത് ഷാ തന്നെ രംഗത്തുവരികയും ചെയ്തു. 'രാഹുല്‍ ബാബ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള കാല്‍നട യാത്രയിലാണ്, പക്ഷേ അദ്ദേഹം ധരിച്ചിരിക്കുന്നത് വിദേശ ടീ ഷര്‍ട്ടാണ്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് രാഹുല്‍ ബാബ രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട്' എന്നായിരുന്നു രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പൊതുയോഗത്തിൽ അമിത്ഷാ പറഞ്ഞത്.
എന്നാൽ, ഇന്ന് രാഹുലിന്റെ വസ്ത്രം വിവാദമാക്കിയത് സോഷ്യൽമീഡിയയിലെ സി.പി.എം അനുകൂല പ്രൊഫൈലുകളാണ്. കേരളത്തിൽ ടീ ഷർട്ട് ധരിച്ച് നടന്നിരുന്ന രാഹുൽ, അതിർത്തികടന്ന് ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ എത്തിയ അന്നു തന്നെ 'ഓം' എന്ന് എഴുതിയ കാവിഷാൾ ധരിച്ചുവെന്നാണ് ആരോപണം. 'വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ...' എന്ന പാട്ടിലെ വരികൾ ബി.ജി.എം ചേർത്ത് രണ്ട് സംസ്ഥാനങ്ങളിലെ ജോഡോയാത്രയുടെയും ചിത്രങ്ങൾ എന്ന പേരിൽ ഈ ദൃശ്യങ്ങൾ അവർ വിഡിയോ ആക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒന്നരലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള 'Pinarayi Vijayan For Kerala' എന്ന ഫേസ് ബുക് പേജിലടക്കം ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
'ഓം നമ ശിവായ' എന്ന് മുദ്രണം ചെയ്ത കാവി, ചുവപ്പ്, വെള്ള നിറങ്ങൾ ചേർന്ന ഷാൾ തോളിലിട്ട് രാഹുലും പ്രിയങ്കയും അനുയായികളോടൊപ്പം നടന്നു നീങ്ങുന്നതാണ് ചിത്രം. ഇന്ന് കർണാടകയിൽനിന്ന് പകർത്തിയ ഫോട്ടോ എന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്.
എന്നാൽ, ഇതേക്കുറിച്ച് 'മാധ്യമം' ഓൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഈ ഫോട്ടോ 2022 മാർച്ച് നാലിന് ദീപക് ഖത്രി എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ' ഓം നമഃ ശിവായ!, രാഹുൽ ഗാന്ധി കാശി വിശ്വനാഥിൽ' എന്ന ഹിന്ദിയിലുള്ള അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
യു.പി തെരഞ്ഞെടുപ്പ് കാമ്പയിനിടെ രാഹുൽ ഗാന്ധി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചുവെന്ന അടിക്കുറിപ്പോടെ ഔട്‍ലുക്ക് ഇന്ത്യ ഇതിന്റെ വിഡിയോ 2022 മാർച്ച് ആറിന് യൂട്യൂബിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതായത്, കേരളത്തിൽ ടീ ഷർട്ട് ധരിച്ച് നടന്നിരുന്ന രാഹുൽ അതിർത്തികടന്ന് ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ എത്തിയ ആദ്യദിനം തന്നെ 'ഓം' എന്ന് എഴുതിയ കാവിഷാൾ ധരിച്ചു എന്ന് സി.പിഎം ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. ഈ ചിത്രം ഇന്ന് കർണാടകയിൽ വെച്ച് എടുത്തതല്ല. കർണാടകയിലും ടീഷർട്ട് ധരിച്ച് ഭാരത് ജോഡോ യാത്ര നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫേസ്ബുക് ഐ.ഡിയിൽ ഇന്ന് രാത്രിയടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച കേരള പര്യടനം പൂർത്തിയാക്കിയ യാത്ര ഭാരത് ജോഡോ യാത്ര ഇന്നാണ് കർണാടകയിൽ പര്യടനം തുടങ്ങിയത്. ഗുണ്ടുൽപേട്ടിലെ ചാമരാജനഗരത്തിൽ കർണാടക പി.സി.സി വരവേൽപ്പ് നൽകി. ജാഥയിൽ ഉപയോഗിക്കുന്ന ത്രിവർണ പതാക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ രാഹുൽ ഗാന്ധിയിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാവിലെ ഒമ്പരക്ക് ഊട്ടി-കോഴിക്കോട് ജങ്ഷനിൽ നിന്ന് ഭാരത് ജോഡോ യാത്ര കർണാടക പര്യടനം ആരംഭിച്ചു.
രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക രാഹുൽ ഗാന്ധിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൈമാറി.
100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളായി 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. സെപ്റ്റംബർ 11നാണ് കേരളത്തിൽ പ്രവേശിച്ചത്. ഏഴു ജില്ലകളിലായി 18 ദിവസത്തിനിടെ നാനൂറോളം കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും നടന്നത്.