Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇപ്പോഴെങ്കിലും...

ഇപ്പോഴെങ്കിലും ഡിജിറ്റൽ സിഗ്നേച്ചർ കേരളത്തിൽ ചർച്ചയാവുന്നത്​ നല്ല കാര്യം: മുരളി തുമ്മാരുകുടി

text_fields
bookmark_border
ഇപ്പോഴെങ്കിലും ഡിജിറ്റൽ സിഗ്നേച്ചർ കേരളത്തിൽ ചർച്ചയാവുന്നത്​ നല്ല കാര്യം: മുരളി തുമ്മാരുകുടി
cancel

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരുന്ന സമയത്ത് അദ്ദേഹത്തി​െൻറ വ്യാജ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ നിന്നും ഫയൽ പാസാക്കിയെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയതിന്​ പിന്നാലെ കേരളത്തിൽ​ ചർച്ചയായ ഒന്നാണ്​ ഡിജിറ്റൽ സിഗ്നേച്ചർ​.

വ്യാജ ഒപ്പിടേണ്ട സാഹചര്യം വന്നിട്ടില്ലെന്നും സ്കാന്‍ ചെയ്ത ഫയലിൽ മുഖ്യമന്ത്രി തന്നെയാണ്​ വിദേശത്ത്​ നിന്ന്​ ഒപ്പിട്ടതെന്നുമായിരുന്നു വിശദീകരണം. മന്ത്രിമാര്‍ സ്ഥലത്തില്ലാത്തപ്പോള്‍ ഇ-ഫയലുകളിൽ ഡിജിറ്റല്‍ ഒപ്പിടുന്നതിന് ഇപ്പോൾ തടസ്സമില്ല. ഫിസിക്കല്‍ ഫയലാണെങ്കില്‍ ഒപ്പിടേണ്ട ഫയല്‍ സ്‌കാന്‍ ചെയ്തത് ഇ മെയില്‍ വഴിയോ വാട്‌സ്ആപ് വഴിയോ അയച്ചാല്‍ ഒപ്പിട്ട് തിരിച്ചയക്കാനും കഴിയും.

അതേസമയം, കേരളത്തിൽ ഡിജിറ്റൽ സിഗ്നേച്ചർ ഇപ്പോഴെങ്കിലും ചർച്ചയാവുന്നത്​ നല്ല കാര്യമാണെന്ന്​ യുഎൻ ദുരന്തനിവാരണ വിദഗ്​ധൻ മുരളി തുമ്മാരുകുടി പറഞ്ഞു. 'ഈ (ഡിജിറ്റൽ) സിഗ്നേച്ചറി​െൻറ ഒരു കാര്യം !' എന്ന തലക്കെട്ടിൽ അദ്ദേഹം ഫേസ്​ബുക്കിൽ ഡിജിറ്റൽ സിഗ്നേച്ചറിനെ കുറിച്ച്​ വിശദമായ കുറിപ്പും പങ്കുവെച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​

ഈ (ഡിജിറ്റൽ) സിഗ്നേച്ചറി​െൻറ ഒരു കാര്യം !

ഒരാവശ്യത്തിന് വേണ്ടി സർക്കാർ ഓഫീസിൽ ചെല്ലുമ്പോൾ "സാർ ഓഫീസിൽ ഇല്ലാത്തതിനാൽ" ചെക്ക്, ഫയൽ, സർട്ടിഫിക്കറ്റ് അതൊപ്പിട്ട് കിട്ടാത്ത അനുഭവം ഇല്ലാത്തവർ എ​െൻറ തലമുറയിൽ കുറവാണ്. അതുകൊണ്ട് തന്നെ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, രണ്ടായിരത്തി ഇരുപതിൽ എങ്കിലും ഇ സിഗ്നേച്ചർ ഒക്കെ കേരളത്തിൽ ചർച്ചയാകുന്നത് നല്ല കാര്യമാണ്. സാർ തിരുവനന്തപുരത്ത് മീറ്റിങ്ങിന് പോയിരിക്കയാണെങ്കിലും കാര്യം നടത്താൻ സംവിധാനങ്ങൾ ഉണ്ടെന്ന് നാട്ടുകാർ അറിയുകയെങ്കിലും ചെയ്യുമല്ലോ. ഇരുപത് പതിനെട്ട് വർഷം എങ്കിലും ആയി ലോകത്തെവിടെ നിന്നും ഇ സിഗ്നേച്ചർ ഇടാറുള്ള ആളെന്ന നിലക്ക് കുറച്ചു കാര്യങ്ങൾ പറയാം.

1. ഇപ്പോൾ നമ്മൾ ഇ-സിഗ്നേച്ചർ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ എന്നൊക്കെ മാറിമാറി പറയുന്നുണ്ടെങ്കിലും അവ തമ്മിൽ സാങ്കേതികമായും നിയമപരമായും കുറച്ചു മാറ്റങ്ങൾ ഉണ്ട്.

2. ഇ സിഗ്നേച്ചർ തന്നെ പല രീതിയിൽ ഉണ്ട്. നമുക്ക് ഏറ്റവും പരിചയമുള്ളത് പോലെ ഒരു ഹാർഡ് കോപ്പിയിൽ ഉള്ള ഡോക്യുമെൻറ്​ (അതായത് പ്രിൻറ്​ ചെയ്തത്) സ്കാൻ ചെയ്ത് ഒപ്പിടേണ്ട ആൾക്ക് അയച്ചു കൊടുക്കുന്നു. അയാൾ അത് പ്രിൻറ്​ ചെയ്ത് ഒപ്പിട്ട് തിരിച്ചു സ്കാൻ ചെയ്ത് അയച്ചു കൊടുക്കുന്നു. ഇതാണ് ഏറ്റവും പഴഞ്ചൻ രീതി.

3. നമ്മൾ ഒരു ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ വച്ചാൽ പിന്നെ ഏതെങ്കിലും ഒരു വേർഡ് പ്രോസെസ്സറിങ്ങ് സോഫ്ട്‍വെയറിൽ ഒരു ഡോക്യുമെൻറ്​ നമുക്ക് ലഭിച്ചാൽ അതിൽ നമ്മുടെ സിഗ്നേച്ചർ ഇൻസെർട്ട് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ഇതും ഇപ്പോൾ അധികം ആരും ഉപയോഗിക്കാറില്ല.

4. നമുക്ക് ഒപ്പിടാനുള്ള ഡോക്യുമെൻറ്​ സ്കാൻ ചെയ്തോ അല്ലാതെയോ ഒരു പി ഡി എഫ് ആയി അയക്കുന്നു. നമ്മുടെ ഒപ്പ് മുൻ‌കൂർ പി ഡി എഫ് എഡിറ്ററിൽ നമുക്ക് അപ്‌ലോഡ് ചെയ്തു വക്കാം. നമ്മൾ എവിടെയാണോ ഒപ്പിടേണ്ടത് അവിടെ ഒപ്പിടാൻ വേണ്ടി മാത്രം ഒരു പി ഡി എഫ് ഓപ്‌ഷൻ ഉണ്ട്. ഒറ്റ ക്ലിക്കിൽ പണി കഴിയും. ഇതാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള രീതി. ലോകത്തെവിടെയാണെങ്കിലും ഓരോ ദിവസവും പല പ്രാവശ്യം ഇത് ചെയ്യുന്നുണ്ട്.

5. ഇപ്പോൾ വെബ്ബിനാറുകളുടെ കാലമാണല്ലോ. ഓരോ വെബ്ബിനാറിനും നൂറുമുതൽ ആയിരത്തിലധികം ആളുകൾ ഉണ്ടാകും. അവർക്ക് ഓരോരുത്തർക്കും കൊടുക്കുന്ന സർട്ടിഫിക്കറ്റിൽ നമ്മൾ കുത്തിയിരുന്ന് ഒപ്പിടാൻ പോയാൽ അതിനേ സമയം ഉണ്ടാവൂ. ഇത്തരം അനവധി വെബ്ബിനാർ പ്ലാറ്റുഫോമുകളിൽ നമ്മുടെ ഒപ്പ് അപ്‌ലോഡ് ചെയ്യാനും ഒറ്റ ക്ലിക്കിൽ നൂറോ ആയിരമോ സർട്ടിഫിക്കറ്റിൽ ഒപ്പിടാനും ഉള്ള സംവിധാനം ഉണ്ട്. ഓരോ വെബ്ബിനാർ കഴിയുമ്പോഴും ഇതാണ് ചെയ്യുന്നത്.

5. ഈ മുൻപ് പറഞ്ഞതിലെല്ലാം നമുക്ക് പരിചയമുള്ള "ഒപ്പ്" ഉണ്ട്. പക്ഷെ നമ്മുടെ അനുവാദം ഡിജിറ്റൽ ആയി ചെയ്യുന്ന മറ്റു സാഹചര്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന് പണ്ടെനിക്ക് ഒരാഴ്ച അവധി വേണമെങ്കിൽ അതൊരു ലീവ് ഫോമിൽ ഒപ്പിട്ട് ബോസിന് നൽകുന്നു, അത് ബോസ് ഒപ്പിട്ട് എച്ച് ആർ ഡിപ്പാർട്ട്മെൻറിന് നൽകുന്നു, അതാണ് രീതി. ഇന്നിപ്പോൾ അതില്ല. സ്ഥാപനത്തി​െൻറ ഹ്യൂമൻ റിസോഴ്സ് പോർട്ടലിൽ പോയി അവധി വേണ്ട ദിവസങ്ങൾ തിരഞ്ഞെടുക്കുന്നു, ആരാണ് നമ്മുടെ അവധി അപ്പ്രൂവ് ചെയ്യേണ്ടത് എന്നത് സിസ്റ്റത്തിൽ ഉണ്ട്. നമ്മൾ വേണ്ടത്ര വിവരം നല്കിക്കഴിഞ്ഞാൽ (അവധി ദിവസങ്ങൾ, കാരണം, അവധിക്കാലത്തെ കോൺടാക്ട്) നമ്മൾ അത് "കൺഫേം" ചെയ്യുന്നു. അത് നമ്മുടെ ഒപ്പായി അംഗീകരിച്ച് ആ ഫോം എ​െൻറ ബോസ്സി​െൻറ ഇൻബോക്സിൽ എത്തുന്നു. ബോസ്സ് അതിൽ "അപ്പ്രൂവ്" എന്ന ബട്ടണിൽ പ്രസ്സ് ചെയ്താൽ അത് എച്ച് ആർ ഡിപ്പാർട്മെൻറിൽ എത്തുന്നു. എ​െൻറ അവധിയുടെ രേഖയാകുന്നു, ആവശ്യമെങ്കിൽ ശമ്പളത്തി​െൻറ വകുപ്പിലേക്ക് സന്ദേശങ്ങൾ പോകുന്നു. ഇവിടെയൊക്കെ നമ്മുടെ "ഒപ്പുകൾ" ഉണ്ടെങ്കിലും അതിന് ഭൗതികമായ ഒരു ഫോം ഇല്ല.

6. ലീവ് പോലെ അത്ര കോൺഫിഡൻഷ്യൽ അല്ലാത്ത കാര്യങ്ങൾ തൊട്ട് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്, സ്ഥാപനനാളുമായി പുതിയ എഗ്രിമെൻറുകൾ ഉണ്ടാക്കുന്നത്, കോടിക്കണക്കിന് രൂപ ഉൾപ്പെടുന്ന ബില്ലുകൾ അപ്പ്രൂവ് ചെയ്ത് പണം അവരുടെ അൽകൗണ്ടിലേക്ക് മാറ്റുന്നതുമൊക്കെ ഇക്കാലത്ത് ഇത്തരം ഡിജിറ്റൽ അപ്പ്രൂവൽ വഴിയാണ്. ഒപ്പിടുന്നത് നമ്മൾ തന്നെയാണെന്ന് ഉറപ്പിക്കാൻ ഒന്നിൽ കൂടുതൽ ഐ ഡി വെരിഫിക്കേഷൻ ഒക്കെ ഉണ്ട്. ഇ ബാങ്കിങ് ഒക്കെ ചെയ്യുന്നവർക്ക് ഇത് പരിചയം കാണും.

7. മുൻപ് പറഞ്ഞ ഓരോന്നിലും തട്ടിപ്പിന് ഉള്ള സാധ്യത ഉണ്ട്, അതിൽ ഏറ്റവും സാധാരണഗതിയിൽ സംഭവിക്കുന്നത് നമ്മുടെ ഇ സിഗ്നേച്ചർ അല്ലെങ്കിൽ പാസ്സ്‌വേർഡ് നമ്മൾ ആരെയെങ്കിലും വിശ്വസിച്ച് ഏൽപ്പിക്കുന്നു, അതവർ ദുരുപയോഗം ചെയ്യുന്നു എന്നതാണ്. ഒരാളുടെ ഒപ്പ് കൃത്രിമമായി ഇട്ടാൽ അത് കണ്ടുപിടിക്കാൻ ഫോറെൻസിക്ക് ഉള്ളത് പോലെ ഒരാളുടെ ഒപ്പ് ഡിജിറ്റൽ ആയി കൃത്രിമമായി ഇട്ടാലും കണ്ടുപിടിക്കാൻ ഉള്ള ഡിജിറ്റൽ ഫോറെൻസിക്ക് ഒക്കെ ഉണ്ട്. പക്ഷെ നമ്മുടെ ഒപ്പും പാസ്സ്‌വേർഡും ഒന്നും ആർക്കും വിശ്വസിച്ച് ഏൽപ്പിക്കാതിരിക്കയാണ് ഭംഗി.

8. അതുപോലെ തന്നെ നമ്മുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തും ആളുകൾക്ക് നമ്മുടെ ഇലക്ട്രോണിക് സിഗ്നേച്ചർ ഉപയോഗിക്കാം. ഇതുകൊണ്ട് തന്നെ ചില സ്ഥാപനങ്ങൾ അവരുടെ ഔദ്യോഗിക കമ്പ്യൂട്ടറുകളിൽ നിന്നും മാത്രമേ ഇത്തരം രേഖകളോ അംഗീകാരങ്ങളൊ സ്വീകരിക്കുകയുള്ളൂ എന്നുള്ള നിബന്ധന വെക്കാറുണ്ട്. എന്നെപ്പോലെ സ്ഥിരമായി യാത്ര ചെയ്യുകയും ലോകത്തെവിടെ നിന്നും ജോലി ചെയ്യുകയും ചെയ്യേണ്ടി വരുന്നവർക്ക് ഹാക്കിങ്ങിൽ നിന്നും പരമാവധി സുരക്ഷിതമായിരിക്കാൻ അനവധി നിർദ്ദേശങ്ങളും നിബന്ധനകളും ഉണ്ട്. അതിനെപ്പറ്റി മാത്രം മറ്റൊരിക്കൽ എഴുതാം. ഇവിടെയും ഹാക്കിങ്ങ് നടന്നാൽ കണ്ടെത്താൻ ഡിജിറ്റൽ ഫോറൻസിക് ഉണ്ട്. പക്ഷെ പരമാവധി സൂക്ഷിക്കുക തന്നെയാണ് നല്ലത്.

9. ലക്ഷക്കണക്കിന് ആളുകൾ വീട്ടിൽ നിന്നും ജോലിയെടുക്കുന്ന കാലത്ത്, ഇനി ലോകത്തെവിടെ നിന്നും ആളുകൾ ജോലിയെടുക്കാൻ പോകുന്ന കാലത്ത് പേപ്പറിൽ ഒപ്പിടുന്നതും, ഒപ്പിട്ട പേപ്പർ സ്കാൻ ചെയ്ത് മറ്റൊരിടത്ത് അയച്ച് അവിടെ വീണ്ടും പ്രിൻറ്​ ചെയ്ത് ഒപ്പിട്ടു തിരിച്ചയക്കുന്ന രീതി ഒക്കെ മ്യൂസിയത്തിൽ വക്കാൻ പോകുന്ന രീതികൾ ആണ്. അതി​െൻറ കഥയും കാലവും കഴിഞ്ഞു. അതൊക്കെ ഇപ്പോഴും നാട്ടിൽ ചർച്ചക്ക് വിധേയമാകുന്നു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്.

10. മുഖ്യമന്ത്രിക്ക് അമേരിക്കയിൽ ഇരുന്നു പോലും ഫയലുകളിൽ ഒപ്പിടാം എന്ന് മലയാളികൾക്ക് മനസ്സിലായ സ്ഥിതിക്ക് (മാധ്യമങ്ങൾക്ക് നന്ദി), ഇനി സബ് രജിസ്ട്രാർ സ്ഥലത്തില്ലെങ്കിൽ വിവാഹം തടസ്സപ്പെടുന്നത് പോലുള്ള കലാപരിപാടികൾ ഉണ്ടാവില്ല എന്ന് നമുക്ക് ആഗ്രഹിക്കാം.

ഞാൻ മുൻപ് ഒരിക്കൽ പറഞ്ഞത് പോലെ ജനീവയിലെ ഒരു സർക്കാർ ഓഫീസിൽ ഞാൻ പോയിട്ട് പതിനഞ്ചു വർഷമായി. എനിക്കാവശ്യമുള്ളതൊക്കെ, ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉൾപ്പടെ, ഇലക്ട്രോണിക്ക് ആയി കിട്ടുന്നുണ്ട്. ഇതൊക്കെ നടപ്പിലാക്കി കൊടുക്കുന്നത് ഒരു പക്ഷെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇരിക്കുന്ന നമ്മുടെ ഐ ടി കമ്പനികൾ ആയിരിക്കും. കേരളത്തിലും സർക്കാരിൽ ഏറെ മാറ്റങ്ങൾ വരുന്നുണ്ട്, അക്ഷയ സെൻറർ ഒക്കെ നല്ല കാര്യമാണ്. പക്ഷെ ഓഫീസർ സ്ഥലത്തില്ലാത്തതിനാൽ കാര്യം നടക്കാത്ത സാഹചര്യം ഇപ്പോഴും സർവ്വ സാധാരണം ആണ്. അത് മാറി നമ്മുടെ സർക്കാർ ജോലിക്കാരും ലോകത്ത് എവിടെയാണെങ്കിലും അവിടെ നിന്നും കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന, ചെയ്യുന്ന, അതിന് അംഗീകാരം ഉള്ള, അതിനെപ്പറ്റി ചർച്ചയും വിവാദവും ഉണ്ടാവാത്ത കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.

മുരളി തുമ്മാരുകുടി

ഈ (ഡിജിറ്റൽ) സിഗ്നേച്ചറിന്റെ ഒരു കാര്യം !

ഒരാവശ്യത്തിന് വേണ്ടി സർക്കാർ ഓഫീസിൽ ചെല്ലുമ്പോൾ "സാർ ഓഫീസിൽ ഇല്ലാത്തതിനാൽ...

Posted by Muralee Thummarukudy on Thursday, 3 September 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandeep varriermuralee thummarukudidigital signature
Next Story