തരൂരിനെതിരെ കോട്ടയം ഡി.സി.സിയുടെ പേരിൽ പോസ്റ്റ്; 'പാത്രം കഴുകി കോൺഗ്രസുകാരനായതല്ല'
text_fieldsകോട്ടയം: ശശി തരൂർ എം.പിക്കെതിരെ ആക്ഷേപ പരാമർശങ്ങളുമായി കോട്ടയം ഡി.സി.സിയുടെ ഫേസ് ബുക്ക് പോസ്റ്റ്. 'സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് വാങ്ങി വിമാനത്തിൽ വന്നിറങ്ങിയ ആളല്ല നാട്ടകം സുരേഷ് ' എന്നാണ് പോസ്റ്റിൽ പറയുന്നത്.
വിവാദമായതോടെ ഈ ഭാഗം പോസ്റ്റിൽനിന്ന് നീക്കി. അതേസമയം, തന്റെ പേരിൽ കോട്ടയം ഡി.സി.സിയുടെ ഫേസ് ബുക്ക് പേജിലുള്ള പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് നാട്ടകം സുരേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇങ്ങനെ അക്കൗണ്ട് ഉള്ളതായി പോസ്റ്റ് വന്നപ്പോഴാണ് അറിഞ്ഞത്.
താൻ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നത്. ഈ പോസ്റ്റ് ഇട്ടയാൾ അത് പിൻവലിച്ചില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കും. തരൂർ വരുന്നതിനെ എതിർത്തിട്ടില്ല. സംഘടന കീഴ്വഴക്കങ്ങൾ പാലിക്കണം എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. തർക്കങ്ങൾക്കില്ലെന്നും വിവാദങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയും ശ്രീധരൻ പിള്ളയും കൂടിക്കാഴ്ച നടത്തിയതിനു പിന്നിൽ എൽ.ഡി.എഫ് -ബി.ജെ.പി ധാരണയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി ജോസ് കെ. മാണി ധാരണ ഉണ്ടാക്കിയിരുന്നു. പിണറായി വിജയന്റെ ദൂതനായാണ് ജോസ് കെ. മാണി ശ്രീധരൻ പിള്ളയെ കണ്ടതെന്നും നാട്ടകം സുരേഷ് ആരോപിച്ചു.

