ഫേസ്ബുക്ക് പരാമർശം: മുൻ എം.എൽ.എ ആർ. രാജേഷിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ്
text_fieldsകൊച്ചി: ഭാരതാംബ വിഷയത്തിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത കേരള സർവകലാശാല രജിസ്ട്രാർ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട് ജഡ്ജിമാർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിൻഡിക്കേറ്റ് അംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിനെതിരെ ഹൈകോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തു.
ജൂലൈ ആറിന് ഫേസ്ബുക്കിലിട്ട പോസ്റ്റ് പ്രഥമദൃഷ്ട്യാ നീതിന്യായ വ്യവസ്ഥയിൽ ഇടപെടുന്നതും കോടതിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി രാജേഷ് ഈ മാസം 23ന് രാവിലെ 10.15ന് കോടതിയിൽ ഹാജരാകണം. കേസ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം ഉചിതമായ ബെഞ്ചിന് വിടാനും രജിസ്ട്രിക്ക് നിർദേശം നൽകി.
പല കാര്യങ്ങൾക്കായി സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഹൈകോടതിയെ സമീപിച്ചിട്ടുള്ളയാളാണ് രാജേഷ്. സർവകലാശാലയുടെയും സിൻഡിക്കേറ്റിന്റെയും വിവിധ ഹരജികൾ പരിഗണനയിലിരിക്കേയാണ് കോടതിയെ സമ്മർദത്തിലാക്കാൻ നോക്കിയത്. കോടതി ഉത്തരവുകളെയല്ല, ജഡ്ജിമാരെയാണ് വിമർശിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന ബെഞ്ചിന് നേതൃത്വം നൽകുന്ന ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തിതിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷയടക്കം ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മോശമായ ഭാഷയിൽ ഉന്നയിച്ചിരിക്കുന്നതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, രാജേഷിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ ബി.എച്ച്. മൻസൂർ രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

