ഫേസ് ബുക്ക് വിലക്ക്: മീഡിയവണിന്റെ ഹരജി മറുപടിക്കായി മാറ്റി
text_fieldsകൊച്ചി: ‘മീഡിയ വൺ ടി.വി’ പേജിന് ഫേസ് ബുക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരായ ഹരജി കേന്ദ്ര സർക്കാറിന്റെയടക്കം മറുപടിക്കായി മാറ്റി. ഫേസ് ബുക്ക് നടപടി സുപ്രീം കോടതി വിധികൾക്കും ഐ.ടി ആക്ടിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിയിൽ നേരത്തെ സർക്കാറിന്റെയും മെറ്റ പ്ലാറ്റ്ഫോമിന്റേയുമടക്കം വിശദീകരണം കോടതി തേടിയിരുന്നു. ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് 18ലേക്ക് ഹരജി മാറ്റിയത്.
വിലക്കുമായി ബന്ധപ്പെട്ട് കാരണം കാട്ടി നോട്ടിസ് നൽകുകയോ തങ്ങളെ കൂടി കേൾക്കുകയോ ചെയ്തിട്ടില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി. ‘നിയമ നിർവഹണ ഏജൻസി/ യൂനിയൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം വിലക്കുന്നു’ എന്ന് മാത്രമാണ് മീഡിയവണിന്, ഫേസ് ബുക്ക് നൽകിയ വിശദീകരണം. എന്നാൽ, ഇതിന്റെ അടിസ്ഥാനം സംബന്ധിച്ച് വിശദീകരണമില്ല. ഇന്ത്യയിലെ പ്രേക്ഷകർക്കാണ് മീഡിയ വണിന്റെ ഫേസ്ബുക്ക് പേജിൽ പ്രവേശനം തടഞ്ഞത്. എന്നാൽ, ഇന്ത്യക്ക് പുറത്ത് പേജ് ലഭ്യമാകുന്നുണ്ട്. മാത്രമല്ല, പേജിൽ അപ്ലോഡ് ചെയ്യുന്നത് അടക്കമുള്ള അഡ്മിൻ അവകാശങ്ങൾക്കും തടസമില്ല. ഏതെങ്കിലും വാർത്തയോ ഉള്ളടക്കമോ നിയമപരമായ ഉത്തരവ് പ്രകാരം നീക്കം ചെയ്യാൻ ഫേസ് ബുക്കിന് കഴിയുമെങ്കിലും പേജ് തുറക്കുന്നത് വിലക്കാൻ അധികാരമില്ല. വിലക്ക് യുക്തിരഹിതവും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

