യോഗ്യത ഇളവ്: നിർദേശം പി.എസ്.സിക്ക് ഏകപക്ഷീയമായി നടപ്പാക്കാനാകില്ല –ഹൈകോടതി
text_fieldsകൊച്ചി: നിയമന യോഗ്യതയിൽ ഇളവ് വരുത്താൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന നിർദേശം പി.എസ്.സിക്ക് ഏകപക്ഷീയമായി നടപ്പാക്കാൻ കഴിയില്ലെന്ന് ഹൈകോടതി. ഇത്തരം നിർദേശങ്ങൾ ഉണ്ടായാൽ ഇളവനുവദിക്കാൻ ബന്ധപ്പെട്ട സ്ഥാപനം തീരുമാനമെടുക്കേണ്ടതുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ െപയിൻറർ ഗ്രേഡ് രണ്ട് തസ്തികയിൽ യോഗ്യതയില്ലാത്ത ചില പട്ടികവിഭാഗക്കാരെ നിയമിച്ചത് വിജ്ഞാപനത്തിന് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി കെ.പി. പ്രദീപനടക്കം അഞ്ച് ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് നിരീക്ഷണം.
കെ.എസ്.ആർ.ടി.സിയിൽ പെയിൻറർ തസ്തികയിലേക്ക് നടത്തിയ നിയമനത്തിന് അടിസ്ഥാന യോഗ്യതയായി പി.എസ്.സി നിശ്ചയിച്ചിരുന്നത് എഴുതാനും വായിക്കാനുമുള്ള അറിവും നിറം ചേർക്കുന്നത് സംബന്ധിച്ച അവബോധവും അഞ്ച് വർഷത്തെ ജോലിപരിചയവുമായിരുന്നു. സാധ്യത പട്ടിക പ്രസിദ്ധീകരിക്കുകയും സർട്ടിഫിക്കറ്റ് പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ പ്രവൃത്തിപരിചയം സംബന്ധിച്ച് കർശന പരിശോധന വേണമെന്നും മാനദണ്ഡം പട്ടിക വിഭാഗക്കാർക്ക് ബാധകമല്ലെന്നുമുള്ള സർക്കുലർ സർക്കാർ പുറത്തിറക്കി. ഇതേതുടർന്ന് സാധ്യത പട്ടികയിലില്ലാത്തവരും നിയമന പട്ടികയിൽ ഇടംപിടിച്ചു. ഇതേ തുടർന്നാണ് അനർഹരെ ഒഴിവാക്കി അർഹരായവരെ നിയമിക്കണമെന്ന ആവശ്യമുയർത്തി ഹരജിക്കാർ കോടതിയെ സമീപിച്ചത്.
പ്രക്രിയകൾ പൂർത്തിയാക്കിയശേഷം പട്ടിക വിഭാഗക്കാർക്കാണെങ്കിലും യോഗ്യതയിൽ ഇളവനുവദിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, യോഗ്യത ഇളവ് അനുവദിക്കാനുള്ള നിർദേശം പൊതുമേഖല സ്ഥാപനങ്ങൾക്കാണ് നൽകിയത്; പി.എസ്.സിക്കല്ല. ഇളവ് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. ഇളവ് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി തീരുമാനമെടുക്കുകയോ ആവശ്യമുന്നയിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, സർക്കുലർ പി.എസ്.സി ഏകപക്ഷീയമായി നടപ്പാക്കുകയാണ് ചെയ്തത്. അതിനാൽ, നിയമിക്കപ്പെടാതെ പോയ യോഗ്യരായവർ നിയമത്തിന് അർഹരാണെന്ന് കോടതി വിലയിരുത്തി.അതേസമയം, നിയമത്തിെൻറ അപാകത സംബന്ധിച്ച പരാതി ഹരജിക്കാർ നിശ്ചിത സമയത്ത് പി.എസ്.സിക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനകം പരാതി നൽകണമെന്നാണ് ചട്ടം. ഒരു വർഷത്തിന് ശേഷമാണ് ഹരജി നൽകിയത്. യോഗ്യതയില്ലാതെ നിയമനം നേടിയെന്ന് പറയുന്നവർ എതിർകക്ഷികളല്ലാത്തതിനാൽ അവരെ പുറത്താക്കാൻ കഴിയില്ല.
അർഹരായിട്ടും നിയമനം ലഭിക്കാതെ പോയവർക്ക് പട്ടികയുടെ കാലാവധി അവസാനിച്ചത് പരിഗണിക്കാതെതന്നെ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിൽ നിയമിക്കണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
