ഏഴിമലയിൽനിന്ന് 311 നാവികർകൂടി സേനയുടെ ഭാഗം
text_fieldsപയ്യന്നൂർ: ഏഷ്യയിലെ ഏറ്റവും വലിയ നാവികസേന പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 311 നാവികർ കൂടി സേനയുടെ ഭാഗമായി. ശനിയാഴ്ച അക്കാദമി ആസ്ഥാനത്തെ പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നാവികസേന ഫ്ലാഗ് ഓഫിസർ കമാൻഡിങ് ചീഫ് വൈസ് അഡ്മിറൽ എ.ആർ.കർവെ സല്യൂട്ട് സ്വീകരിച്ചു.
ഇന്ത്യൻ നാവികസേനക്കും കോസ്റ്റ് ഗാർഡിനും പുറമെ മാലദ്വീപ്, മ്യാൻമർ, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളിലെ കാഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കിയവരിലുണ്ട്.
വ്യത്യസ്തമായ സ്പ്രിങ് ടേം കോഴ്സുകൂടി ഇക്കുറി സേനയുടെ ഭാഗമാക്കുകയാണ്. നാവിക അക്കാദമി ബി.ടെക്-94, എം.എസ്സി-94, ഒാറിയേൻറഷൻ കോഴ്സ്-25, ഒാറിയേൻറഷൻ റഗുലർ കോഴ്സ് -26 തുടങ്ങിയ വിഭാഗങ്ങളിലായാണ് പരിശീലനം.
10 പേർ വനിതകളാണ്. ഉന്നത ഉദ്യോഗസ്ഥരായ പ്രഫ.സുരേന്ദ്രപ്രസാദ്, വൈസ് അഡ്മിറൽ ആർ.ബി. പണ്ഡിറ്റ് എന്നിവരും സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. പരിശീലന കാലയളവിൽ മികവ് പുലർത്തിയവർക്കുള്ള വിവിധ മെഡലുകളും ചടങ്ങിൽ മുഖ്യാതിഥി വിതരണം ചെയ്തു. പവൻ പൊന്നാന്ന ഉത്തപ്പ കൊടിമണിയാണ്ട, അരുൺ സിങ്, കിരൺ ഭട്ട് എന്നിവരാണ് മെഡൽ നേടിയത്.
പരിശീലനം പൂർത്തിയാക്കിയ നാവികർ വിവിധ സേനാ കേന്ദ്രങ്ങളിലെത്തി രാജ്യസേവനം ചെയ്യും. ഉദ്യോഗസ്ഥർ, ബന്ധുക്കൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യംവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
