‘‘ഞങ്ങൾ ഓടുമ്പോ ദേഹമാസകലം പൊള്ളി, തൊലിയുരിഞ്ഞ് കിടക്കുന്നു ഒരാൾ.. ഒന്നെടുക്കാൻ പോലും കഴിഞ്ഞില്ല..’’ -മുണ്ടത്തിക്കോട് ദുരന്തത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ദൃക്സാക്ഷി
text_fieldsതൃശൂർ: നാടിനെയൊന്നാകെ നടുക്കിയ ദുരന്തത്തിൽ ശ്മശാനതുല്യമായി മാറിയിരിക്കുകയാണ് മുണ്ടത്തിക്കോട്. ഉച്ചവെയിലിന്റെ കാഠിന്യത്തേക്കാൾ തീക്ഷ്ണമായ അഗ്നിബാധയിൽ നിരവധി ആളുകളുടെ ജീവനുകളാണ് വെന്തെരിഞ്ഞത്. കരിമരുന്നിന്റെ ഗന്ധം ശ്വസിച്ചു ഉപജീവനത്തിനായി പണിയെടുത്ത പാവം തൊഴിലാളികൾ മറക്കാനാവാത്ത ആ കഠിന നിമിഷങ്ങൾ ഓർക്കാൻ പേടിക്കുകയാണ്. പടക്കനിർമാണ ശാലയിൽ കരിമരുന്ന് അരിച്ചെടുക്കുന്ന പണിയിലായിരുന്നു വത്സല. അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വത്സലയുടെ വാക്കുകളിൽ ആ ഭീതി നിഴലിക്കുന്നുണ്ട്.
‘‘അന്നേരം കരിമരുന്ന് അരിച്ചെടുക്കുകയായിരുന്നു ഞങ്ങൾ കുറച്ചുപേർ. പൊടുന്നനെയാണ് സഹിക്കവയ്യാത്ത ഒരു ഉഗ്രശബ്ദം കേട്ടത്. പിന്നാലെ ഓടിട്ട മേൽക്കൂരകൾ തകർന്നുവീണു. പുകയും പൊടിയും കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്റെ ചുറ്റും കരിമരുന്നായിരുന്നു, ഒരു തീപ്പൊരിയെങ്ങാനും വീണിരുന്നെങ്കിൽ ഞാനും അവിടെ വെന്തുമെണ്ണീറായേനെ..’’ -വത്സല ഒരു ഞെട്ടലോടെ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ജീവന്മരണ പോരാട്ടത്തിനിടയിൽ കൊണ്ട് ഓടുന്നതിനിടയിലാണ് ആ ഹൃദയഭേദകമായ കാഴ്ച കണ്ടത്. ദേഹമാസകലം പൊള്ളി, തൊലിയുരിഞ്ഞ് ഓടാനാകാതെ ഒരു മനുഷ്യൻ കിടക്കുന്നുണ്ടായിരുന്നു. ആരാണെന്ന് തിരിച്ചറിയാനായില്ല. 'രക്ഷിക്കണേ' എന്ന് പ്രാണവേദനയിൽ നിലവിളിക്കുന്നുണ്ടായിരുന്നു അയാൾ.. ഒന്നെടുക്കാൻ പോയിട്ട് തൊടാൻപോലും പറ്റാത്ത വിധം ശരീരം വെന്തിരുന്നു...’’ വേദന കൊണ്ട് വത്സല വിതുമ്പി.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് മുണ്ടത്തിക്കോടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. നിമിഷങ്ങൾക്കകം പ്രദേശം ആകെ പുകച്ചുരുളുകളിൽ അമർന്നിരുന്നു. പതിമൂന്ന പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നാലുപേരെ കണ്ടെത്താനുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും തിരച്ചിൽ തുടരുകയും ചെയ്യുന്നുണ്ട്.
അപകടത്തെ സവിശേഷ ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ ആഘാതം കണക്കിലെടുത്ത് അടിയന്തര മന്ത്രിസഭായോഗം ചേർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും അടിയന്തര ധനസഹായം നൽകാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

