അതിതീവ്ര മഴക്ക് സാധ്യത; ഇന്നും നാളെയും റെഡ് അലർട്ട്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ 25, 26 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തുടരുന്ന ശക്തികൂടിയ ന്യൂനമർദം 25ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും 26ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30-40 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
25, 26 തീയതികളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, 26ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കാം.
25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, 26ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. 25ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്, 26ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, 27ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കള്ളക്കടൽ ജാഗ്രത നിർദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരങ്ങളിൽ 25ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലസമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 26 വരെ മത്സ്യബന്ധനത്തിന് കടലിൽ പോകരുത്.

