അതിദാരിദ്ര്യ നിർമാർജന പദ്ധതി : പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണം- പി. രാജീവ്
text_fieldsകൊച്ചി: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രി പി.രാജീവ്. പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയത്.
വരുന്ന ആഗസ്റ്റ് 15 ന് എറണാകുളത്തെ അതി ദരിദ്രരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കാൻ കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ യോഗത്തിൽ ധാരണയായി. പദ്ധതി സമയബന്ധിതമായി യാഥാർഥ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് യോഗത്തിൽ പറഞ്ഞു.
അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിർണയിച്ചത്. ഇവരുടെ കുറവുകൾ നികത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാരായ റേച്ചൽ കെ. വർഗീസ്, വി.ഇ. അബ്ബാസ്, കെ. മനോജ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയ്, അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രോജക്ട് ഡയറക്ടർ പി.എച്ച്. ഷൈൻ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അതി ദരിദ്രരില്ലാത്ത നാടാകാൻ കളമശ്ശേരി: പ്രഖ്യാപനം മെയ് ആദ്യ വാരത്തിൽ
അതി ദരിദ്രരില്ലാത്ത നിയോജകമണ്ഡലം ആകാൻ ഒരുങ്ങുകയാണ് കളമശ്ശേരി. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ മണ്ഡലത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പുരോഗതി വിലയിരുത്തി. മെയ് ആദ്യവാരത്തിൽ മണ്ഡലത്തെ അതി ദരിദ്രരില്ലാത്ത നാടായി പ്രഖ്യാപിക്കാൻ യോഗത്തിൽ തീരുമാനമായി.
പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളും ചെയ്ത പ്രവർത്തികൾ മന്ത്രി ചോദിച്ചറിഞ്ഞു. അവശേഷിക്കുന്ന കാര്യങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദേശം നൽകി.
യോഗത്തിൽ കലക്ടർ എൻ.എസ്.കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.