കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി 2028 വരെ നീട്ടി നൽകിയതിനെതിരായ ഹരജിയിൽ കരാറുകാർക്ക് ഹൈകോടതി വീണ്ടും നോട്ടീസ് അയച്ചു.
ആദ്യം അയച്ച നോട്ടീസ് തെറ്റായ മേൽവിലാസത്തിലായതിനാൽ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി പുതിയ മേൽവിലാസം ഹരജിക്കാർ ഹാജരാക്കിയതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് വീണ്ടും നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.
നിലവിലെ ടോൾ പിരിവിലൂടെ നിർമാണത്തിന് ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാൽ കരാർ നീട്ടിയ നടപടി തടയണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.