സെക്രട്ടേറിയറ്റിലെ സി.പി.എം സംഘടനയിൽ പൊട്ടിത്തെറി: ജനറൽ സെക്രട്ടറിയെ നീക്കി പ്രസിഡന്‍റ്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിൽ പൊട്ടിത്തെറി. ജനറൽ സെക്രട്ടറി കെ.എൻ. അശോക്കുമാറിനെ സ്ഥാനത്തു നിന്ന് പ്രസിഡന്‍റ് നീക്കി. ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രസിഡന്‍റ് പി. ഹണി തീരുമാനം റിപ്പോർട്ട് ചെയ്തത്.
ഇതിൽ പ്രതിഷേധിച്ച് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ നാല് എക്സിക്യൂട്ടിവ് അംഗങ്ങളെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. ഏറെനാളായി സംഘടനക്കുള്ളിൽ തുടരുന്ന പ്രശ്നങ്ങളാണ് ജനറൽ സെക്രട്ടറിയെ തന്നെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. എ.കെ.ജി സെന്ററിൽ നടന്ന കൗൺസിൽ യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങൾ.
ജനറൽ സെക്രട്ടറിക്ക് പകരം നാല് സെക്രട്ടറിമാർക്ക് ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. ജനറൽ സെക്രട്ടറി നാലുമാസമായി യോഗങ്ങളിൽ പങ്കെടുക്കുകയോ സംഘടനയുമായി സഹകരിക്കുകയോ യൂനിയൻ ഓഫിസിൽ എത്തുകയോ ചെയ്യുന്നില്ലെന്ന് പ്രസിഡന്‍റ് പി. ഹണി പറഞ്ഞു.
മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാത്ത എക്സിക്യൂട്ടിവ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് സംഘടനക്കുള്ളിൽ ചോദ്യങ്ങളുയർന്നു. ഇതേ തുടർന്നാണ് കഴിഞ്ഞയാഴ്ച ചേർന്ന എക്സിക്യൂട്ടിവ് യോഗം ജനറൽ സെക്രട്ടറിയെ നീക്കാൻ തീരുമാനിച്ചതെന്നും ഹണി പറയുന്നു. ഈ തീരുമാനം ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ സംഘടന അംഗങ്ങളുടെ പ്രതിനിധികളായി 386 പേരാണ് കൗൺസിലുള്ളത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ 45ഉം. 2024 ഒക്ടോബറിലാണ് സംഘടന തെരഞ്ഞെടുപ്പ് നടന്നത്. ഭാരവാഹി പാനൽ സംബന്ധിച്ച തർക്കം അനിശ്ചിതത്വത്തിലായതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം ഇടപെടുന്നതിലേക്ക് അന്ന് കാര്യങ്ങൾ എത്തിയിരുന്നു.
എം.വി. ഗോവിന്ദൻ നിർദേശിച്ച പാനലിൽ തിരുത്തുവരുത്തിയാണ് പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടന്നതും ഭാരവാഹികളെ കണ്ടെത്തിയതും. അന്നുമുതലേയുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. ഇനി അഞ്ചുമാസമാണ് കമ്മിറ്റിയുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

