ഓട്ടം; ജീവൻ തിരിച്ചുപിടിക്കാൻ
text_fieldsകോഴിക്കോട്: ‘ഒ ടു എവിടെയാണുള്ളത്. അത്യാവശ്യമാണ്. രോഗിയുടെ ഓക്സിജൻ അളവ് താഴുന്നു. രോഗി ഈ അവസ്ഥയിൽ ഐ.സി.യു ആംബുലൻസിനടുത്തെത്തില്ല. വേഗം ഓക്സിജൻ വേണം. അടുത്ത് ഏത് വാർഡിലാണ് ഓക്സിജനുള്ളത്, അവിടേക്ക് പോകൂ’ ഉച്ചത്തിൽ അലറിവിളിച്ചുള്ള നഴ്സിങ് അസിസ്റ്റന്റ് വിപിന്റെ വെപ്രാളം രോഗിയുടെ അപകടാവസ്ഥയുടെ വെളിപ്പെടുത്തലായിരുന്നു. സ്ട്രച്ചറിൽ കിടക്കുന്ന 67കാരനായ വേലായുധന്റെ ജീവൻ ആശങ്കയിലാണെന്ന വിവരം വിപിന്റെ വെപ്രാളം കൂടെയുണ്ടായിരുന്ന ഡോക്ടർമാർക്കും ബോധ്യപ്പെട്ടു.
തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അത്യാസന്നനിലയിൽ നാലാം നിലയിലെ ന്യൂറോ ഐ.സിയുവിൽ ഏറ്റവും അപകടകരമായ അവസ്ഥയിലുള്ള മൂന്നുപേരെ മാറ്റുന്നത് അവരുടെ ജീവനുതന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എങ്കിലും മാറ്റണമെന്ന അവസ്ഥയെത്തുടർന്ന് മറ്റു രോഗികളെയെല്ലാം മാറ്റിയശേഷം മുൻകരുതതോടെ സൂപ്പർ സ്‍പെഷാലിറ്റിയിലേക്ക് മൂന്നുപേരെയും മാറ്റാൻ തീരുമാനിച്ചു.
പുറത്ത് ഐ.സി.യു ആംബുലൻസുകൾ എല്ലാ സജ്ജീകരണങ്ങളുമൊരുക്കിനിർത്തിയായിരുന്നു മാറ്റൽ. നാലാം നിലയിൽനിന്ന് റാമ്പിലൂടെ ശരീരത്തിന് ഇളക്കംതട്ടാതെയും എത്രയും വേഗത്തിലും എത്തിക്കാൻ പൊലീസ് വഴി സുരക്ഷിതമാക്കിക്കൊടുക്കുകയും ചെയ്തു. രണ്ടുപേരെയും ഒരുവിധം മാറ്റി.
മൂന്നാമത് വേലായുധൻ എന്ന രോഗിയെ മാറ്റുന്നതിനിടെ രണ്ടാം നിലയിറങ്ങവേ ഓക്സിജന്റെ അളവ് കുറയുന്നതായി നഴ്സിങ് അസിസ്റ്റന്റുമാരായ വിപിന്റെയും ഫർഹാന്റെയും ശ്രദ്ധയിൽപെട്ടു. സ്ട്രച്ചർ നിർത്തി ഓക്സിജൻ കൂട്ടാൻ ശ്രമിച്ചെങ്കിലും ഓക്സിജൻ തീരുകയാണെന്നു മനസ്സിലായി. വഴിതടസ്സമൊഴിവാക്കാൻ മുന്നിലുണ്ടായിരുന്ന കുന്ദമംഗലം പൊലീസ് ഇൻസ്‍പെക്ടർ എസ്. കിരണിനും രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് ബോധ്യപ്പെട്ടതോടെ നടന്നുനീങ്ങിയ സംഘം സ്ട്രച്ചറുമായി ഓടി താഴെ എത്തിക്കാൻ നോക്കി.
ഒന്നാം നിലയിലെ ആകാശപാതയിലേക്കെത്താൻ തുടങ്ങവേ രോഗിയുടെ അവസ്ഥ മോശമായി. താഴെ എത്തില്ലെന്ന് ഉറപ്പായതോടെ സ്ട്രച്ചറിൽ കിടക്കുന്ന രോഗിയുമായി തിരിച്ച് ഓടാൻ തുടങ്ങി. ഇതിനിടെ എല്ലാവരും ഓക്സിജനുവേണ്ടി ആർത്തുവിളിക്കുന്നതുകേട്ട് രണ്ട് നഴ്സിങ് അസിസ്റ്റന്റുമാർ ഓക്സിജനുമായെത്തി പൈപ്പിൽ ഘടിപ്പിച്ചു. ഒരു മിനിറ്റോടെ വേലായുധന്റെ ശ്വാസം നേരെയായെന്ന് അടുത്തുള്ള ഡോക്ടർമാർ വിലയിരുത്തിയതോടെയാണ് വിപിന്റെയും പൊലീസ് ഇൻസ്‍പെക്ടർ കിരണിന്റെയും ശ്വാസം വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

