വന്ധ്യതചികിത്സയുടെ പേരിൽ സ്ത്രീചൂഷണം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്ന് സർക്കാർ
text_fieldsഹൈകോടതി
കൊച്ചി: വന്ധ്യത ചികിത്സയുടെ പേരിൽ അന്തർസംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈകോടതിയിൽ. ഡിസംബർ അഞ്ചിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി സി.ഐ ദിലീഷ് ടി. ഈശോയുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചത്.
കളമശ്ശേരി സ്റ്റേഷനിലെ എസ്.ഐ സെബാസ്റ്റ്യൻ ആന്റണി, ക്രൈംബ്രാഞ്ച് എസ്.ഐമാരായ ടി.കെ. മനോജ്, പി.ഐ. റഫീഖ് എന്നിവരാണ് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ രൂപവത്കരിച്ച സംഘത്തിലെ മറ്റ് അംഗങ്ങൾ. കൊച്ചി സിറ്റി ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ മേൽനോട്ടം വഹിക്കും.
അന്തർ സംസ്ഥാനത്തുനിന്നെത്തിയ അണ്ഡദാതാക്കളായ യുവതികളെ പിടികൂടി അഗതിമന്ദിരത്തിലാക്കിയിരിക്കുകയാണെന്നും ഇവരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് കളമശ്ശേരിയിലെ എ.ആർ.ടി ബാങ്ക് മാനേജിങ് ഡയറക്ടർ എം.എ. അബ്ദുൽമുത്തലിഫ് സമർപ്പിച്ച ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി വന്ധ്യത ചികിത്സയിലെ വഴിത്തിരിവാണെങ്കിലും വികസ്വര രാഷ്ട്രങ്ങളിലെ വിനാശകരമായ പ്രവണതകൾ കേരളത്തിലുമെത്തിയതായി കരുതേണ്ടിവരുമെന്ന് കോടതി വിലയിരുത്തിയിരുന്നു.
ആകർഷകമായ പരസ്യം നൽകി ഹരജിക്കാരന്റെ സ്ഥാപനം കുട്ടികളില്ലാത്ത ദമ്പതികളെ വലയിൽ വീഴ്ത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണമുണ്ട്. സമഗ്രവും ഫലപ്രദവും സമയബന്ധിതവുമായ അന്വേഷണം നടത്താനും ഇടക്കിടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണ സംഘത്തിന് നിർദേശം നൽകിയതായി സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് പരിശോധിക്കാൻ സമയം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

