ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആക്ഷേപം
text_fieldsപ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽനിന്ന് രോഗിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നായിരുന്നെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആക്ഷേപം. ചികിത്സയുടെ ഭാഗമായി ആശുപത്രികളിൽനിന്ന് ലഭിക്കുന്ന മരുന്ന് നിർധന രോഗികളിൽ ഭൂരിഭാഗവും പരിശോധിക്കാറില്ല. സൈക്യാട്രിക് ഡ്രഗ് ലഭിച്ച രോഗിയുടെ ബന്ധു യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് 2024 ഒക്ടോബറിൽ കാലാവധി കഴിഞ്ഞ മരുന്നാണ് മൂന്ന് മാസത്തിന് ശേഷവും രോഗിക്ക് നൽകിയതായി കണ്ടെത്തിയത്.
സംഭവം പുറത്തായതോടെ ഫാർമസിയിലെ ജീവനക്കാരൻ മാപ്പ് പറഞ്ഞ് ഒതുക്കിത്തീർക്കുകയാണുണ്ടായതെന്നും കൗൺസിലർ സി. സജിത്ത് യോഗത്തിൽ വെളിപ്പെടുത്തി. മരുന്ന് കഴിഞ്ഞപ്പോൾ കുഴൽമന്ദം ആശുപത്രിയിൽ നിന്നും എത്തിച്ചതിൽ ബാക്കിയായ ഒരു സ്ട്രിപ്പായിരുന്നു ഇതെന്നും രോഗിയിൽ നിന്നും മരുന്ന് തിരികെ വാങ്ങി പ്രശ്നം പറഞ്ഞ് അവസാനിപ്പിച്ചതായും പിന്നീട് ആശുപത്രി സൂപ്രണ്ട് ഡോ. അഹമ്മദ് അഫ്സൽ ‘മാധ്യമ’ത്തോട് പറഞ്ഞു. രോഗം നിർണയിക്കുന്നതിന് മുമ്പ് തന്നെ ജില്ല ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും രോഗികളെ റഫർ ചെയ്യുന്നത് ഇപ്പോഴും തുടരുന്നത് യാതനയാണ് സമ്മാനിക്കുന്നതെന്നും ഇതിൽ നഗരസഭ കൃത്യമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു നിർദേശം.
പെരുകുന്ന തെരുവ് നായ് ശല്യവും കാർഷിക മേഖലക്ക് കനത്ത നാശമുണ്ടാക്കുന്ന പന്നിശല്യവുമായിരുന്നു മറ്റൊരു പരാതി. തെരുവ് നായ്ക്കളെ പിടിക്കുന്നതിൽ ശുഷ്കാന്തിയില്ല. വന്ധ്യംകരണത്തിന് ശേഷം ഇവയെ പാർപ്പിക്കാൻ ഷെൽട്ടർ സ്ഥാപിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഷെൽറ്ററിന് ജില്ല പഞ്ചായത്ത് പദ്ധതി വെച്ചിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടലുകളിൽ നിന്നും മത്സ്യ, മാംസ കടകളിൽ നിന്നും മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിവിടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാകുന്നുണ്ടെന്നും നഗരസഭ വല്ലപ്പോഴും നടത്തുന്ന പരിശോധനയിൽ ഇക്കൂട്ടരിൽനിന്ന് പിഴ ഈടാക്കുന്നതിനാൽ ഇതിന് പരിഹാരമാകുന്നില്ലെന്നും പരാതി ഉയർന്നു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

