കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി. വ്യാഴാഴ്ച രാത്രി 7.50നാണ് കോവിഡ് ബാധിതരായ മുഖ്യമന്ത്രിയും ചെറുമകൻ ഇഷാനും മെഡിക്കൽ കോളജിലെത്തിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
പിണറായിയിലെ വീട്ടിൽനിന്ന് ഇവിടേക്കാണ് ചികിത്സക്ക് കൊണ്ടുവരുന്നതെന്ന് അറിഞ്ഞയുടനെ മെഡിക്കൽ കോളജ് അധികൃതർ പൂർണ സജ്ജരായിരുന്നു. മുഴുവൻ പ്രധാന ഡോക്ടർമാരോടും സ്ഥലത്തെത്താൻ നിർദേശം നൽകി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കമുള്ളവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. സുനിൽ, ആർ.എം.ഒ ഡോ. രഞ്ജിനി തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. കാർഡിയോളജി, എമർജൻസി മെഡിസിൻ, നെഞ്ചുരോഗവിഭാഗം, അനസ്തേഷ്യ, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങൾ ചേർന്നാണ് ചികിത്സ. ഡോക്ടർമാരായ ചാന്ദ്നി, മുബാറക്, ഷീല മാത്യു, കെ.പി. സൂരജ് കാർഡിയോളജി, നോഡൽ ഓഫിസർ ഗീത, അസി. നോഡൽ ഓഫിസർ ഹിത, പേവാർഡ് മെഡിക്കൽ ഓഫിസർമാരായ ഗായത്രി, ബെന്നി തുടങ്ങിയവരും ചികിത്സാസംഘത്തിലുണ്ട്.
മുഖ്യമന്ത്രിയെയും ഭാര്യയെയും ചെറുമകനെയും ആദ്യം പരിശോധന മുറിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിവരങ്ങൾ തിരക്കി. പ്രാഥമിക പരിശോധനകൾ നടത്തി. ഭാര്യയെയും ചെറുമകനെയും പരിശോധിച്ചു. കസേരയിലിരുന്നാണ് പരിശോധനക്കു വിധേയനായത്. മൂന്നു പേരും അധികം ക്ഷീണിതനായിരുന്നില്ല. അരമണിക്കൂറിനു ശേഷം വി.ഐ.പി മുറിയിലേക്കു പോയി. മുഖ്യമന്ത്രി വന്ന കാറിലെ ഡ്രൈവർ മാത്രമാണ് പി.പി.ഇ വസ്ത്രം ധരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയുടെ ഐ.സി.യു ആംബുലൻസ് മുഖ്യമന്ത്രിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു. അവശ്യസാധനങ്ങളെല്ലാം വി.ഐ.പി റൂമിൽ ഒരുക്കിയിരുന്നു.
എ.സിയും ടി.വിയുമടക്കം പുതുതായി ഒരുക്കി. മകൾ വീണയും മരുമകനും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറുമായ പി.എ. മുഹമ്മദ് റിയാസും പേവാർഡിലെ വി.ഐ.പി മുറികളിലൊന്നിൽ ചികിത്സയിലുണ്ട്. വാർഡിലെ ഒന്നാം നിലയിലാണ് വി.ഐ.പി മുറികൾ. സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ നേതൃത്വത്തിൽ കനത്ത സുരക്ഷയുമൊരുക്കിയിരുന്നു. ജില്ല കലക്ടർ എസ്. സാംബശിവറാവു സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.