അരിക്കൊമ്പനെ മാറ്റുന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് വിദഗ്ധ സമിതി യോഗം
text_fieldsഇടുക്കി: ചിന്നക്കനാലിൽ ജനങ്ങൾക്ക് ഭീഷണിയായി സ്വൈര്യ വിഹാരം നടത്തുന്ന അരിക്കൊമ്പനെ സ്‌ഥലം മാറ്റുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി യോഗം ഇന്ന്. ഓൺലൈനായാണ് യോഗം ചേരുന്നത്. പറമ്പിക്കുളത്തിന് പുറമെ സർക്കാർ അറിയിച്ച പുതിയ സ്ഥലം അനുയോജ്യമാണോ എന്ന് സമിതി പരിശോധിക്കും. അരിക്കൊമ്പനെ എങ്ങോട്ടേക്ക് മാറ്റണമെന്നതിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഏത് സ്ഥലത്തേക്ക് മാറ്റാൻ പറ്റുമെന്ന് മുദ്ര വെച്ച കവറിൽ നിർദ്ദേശിക്കാനാണ് ഹൈകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണം എന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന കാര്യം വിദഗ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം സമിതി അംഗീകരിച്ചാൽ ഹൈകോടതി തീരുമാനത്തിനായി കാത്തു നിൽക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.