
കേരളത്തിൽ കോവിഡ് വാക്സിൻ നിർമാണം ലക്ഷ്യമിട്ട് വിദഗ്ധ സമിതി; രോഗം ഭേദമായവർക്കായി ശ്വാസ് ക്ലിനിക്കുകൾ തുടങ്ങും
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിൻ നിർമാണം ആരംഭിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോൺ (വെല്ലൂർ) ആണ് സമിതി അധ്യക്ഷൻ. നിലവിൽ വാക്സിൻ നിർമാണം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികൾ ലാഭാധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ശ്രമം. ചികുൻഗുനിയ, നിപ അടക്കം വൈറൽ രോഗങ്ങൾ പടരുന്ന പ്രദേശം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ അടുത്ത വർഷം ആദ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര നിർദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ നൽകുക. തെരഞ്ഞെടുപ്പും ആഘോഷങ്ങളും നടക്കുന്ന ഘട്ടമായതിനാൽ കോവിഡ് നിയന്ത്രണത്തിന് ശക്തമായ നടപടി കൈക്കൊള്ളും.
കോവിഡ് ഭേദമായവർക്ക് അടക്കം ശ്വാസകോശ രോഗ ചികിത്സക്ക് ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും. നിലവിൽ 62,000 പേരാണ് ചികിത്സയിൽ. ഏറ്റവും കൂടുതൽ രോഗികൾ ഒക്ടോബർ 25നായിരുന്നു. 97,000 രോഗികൾ. ഇപ്പോൾ കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ രോഗികളുടെ എണ്ണം കൂടുന്ന പ്രവണതയുണ്ട്. എറണാകളം മെഡിക്കൽ കോളജിലെ ഡോ. ഇ.സി. ബാബുക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുേശാചിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ നിസ്വാർഥ സേവനം അനുഷ്ഠിച്ചവരോട് നാടിെൻറ കടപ്പാട് അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.