Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഈ വിദ്യാർഥി രാഷ്ട്രീയത്തെ കാമ്പസിൽനിന്ന് പടിയിറക്കണം’; എസ്എഫ്ഐ, യുഡിഎസ്എഫ് സംഘർഷത്തിനെതിരെ കാലിക്കറ്റ് വി.സി

text_fields
bookmark_border
Calicut University SFI MSF clash
cancel
camera_alt

കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രൂക്ഷവിമർശനവുമായി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. സംഘർഷത്തിന്റെ വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങൾക്കെതിരെ വി.സി രംഗത്തെത്തിയത്. ഇതൊക്കെയാണ് വിദ്യാർഥി രാഷ്ട്രീയമെങ്കിൽ അത് വേണ്ടെന്നുവെക്കണമെന്നും കാമ്പസുകളിൽനിന്ന് പടിയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കണ്ണേ മടങ്ങുക...’ എന്ന വാക്കുകളോടെയാണ് ഫേസ്ബുക് കുറിപ്പ് ആരംഭിക്കുന്നത്. കാമ്പസ് തെരഞ്ഞെടുപ്പുകൾ വിദ്യാർഥികളിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് ഉത്തമബോധം വളർത്തുന്നതിനായി ആരംഭിച്ചതാണ്. അത് മനുഷ്യവിരുദ്ധമായാൽ കൈയുംകെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘അക്രമരാഷ്ട്രീയം എന്ന ഒരു പദം ഇല്ല. അക്രമത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയത്തിൽ അക്രമമോ ഇല്ല. രാഷ്ട്രീയത്തിന് മനുഷ്യവിരുദ്ധമാകാൻ കഴിയില്ല. ഒരാളെ കുറെ പേർ ചേർന്നു വളഞ്ഞിട്ട് ആക്രമിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും? ഇവരാണോ നമ്മുടെ ജനാധിപത്യത്തിന്റെ കാവലാൾമാർ ആകേണ്ടത്?’ -വി.സി ചോദിച്ചു.

‘ഇത്തരം ‘ഗുണ്ടാ ജനാധിപത്യത്തെ’ നിരോധിച്ചേ മതിയാകൂ. സർവകലാശാലകളിൽ എത്തുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും വളരെ പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവരാണ്. ഒട്ടേറെ ജീവിതസമരങ്ങളെ നേരിട്ട് വലിയ പ്രതീക്ഷകളുമായാണ് അവർ കാമ്പസുകളിൽ എത്തുന്നത്. അവരെ കൈപിടിച്ച് മുന്നോട്ടുനടത്തേണ്ടത് സർവകലാശാലയുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം മുറുകെപ്പിടിച്ച് മുന്നോട്ടുപോകും’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ബുധനാഴ്ച കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെയുണ്ടായ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എം.എസ്.എഫ് പ്രവർത്തകരെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംഘർഷത്തെത്തുടർന്ന് പൊലീസ് ലാത്തിവീശുകയും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറ്റിവെക്കുകയും ചെയ്തു. പിന്നീട് പ്രഖ്യാപിച്ച ഫലത്തിൽ ഒമ്പത് ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. സംഘർഷത്തെത്തുടർന്ന് ഒക്ടോബർ 29, 30 തീയതികളിൽ സർവകലാശാലയിലെ പഠനവകുപ്പുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നവംബർ രണ്ടിന് ക്ലാസുകൾ പുനരാരംഭിക്കും.

സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ വീണ്ടും ആക്രമിച്ചെന്ന പരാതിയിൽ എം.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാമ്പസിലെ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ കുറിപ്പ്:

കണ്ണേ മടങ്ങുക.......

ഇതൊക്കെയാണ് വിദ്യാർത്ഥി രാഷ്ട്രീയമെങ്കിൽ ഇത് നമുക്ക് വേണ്ടെന്ന് വക്കണം...ക്യാമ്പസുകളിൽ നിന്ന് പടിയിറക്കണം.

ക്യാമ്പസ് തെരഞ്ഞെടുപ്പുകൾ വിദ്യാർത്ഥികൾക്ക് നമ്മുടെ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് ഉത്തമ ബോധം വളർത്താനായി തുടങ്ങിയ പ്രക്രിയയാണ്. അത് മനുഷ്യവിരുദ്ധമായാൽ കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല.

അക്രമരാഷ്ട്രീയം എന്ന ഒരു പദം ഇല്ല. അക്രമത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയത്തിൽ അക്രമമോ ഇല്ല. രാഷ്ട്രീയത്തിന് മനുഷ്യവിരുദ്ധമാകാൻ കഴിയില്ല. ഒരാളെ കുറെ പേർ ചേർന്നു വളഞ്ഞിട്ട് ആക്രമിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും? ഇവരാണോ നമ്മുടെ ജനാധിപത്യത്തിൻ്റെ കാവലാൾമാർ ആകേണ്ടത്?

ഈ ഗുണ്ടാ ജനാധിപത്യത്തെ നിരോധിച്ചേ മതിയാകൂ.

നമ്മുടെ സർവകലാശാലകളിൽ വരുന്ന മിക്ക കുട്ടികളും വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഒട്ടേറെ ജീവിതസമരങ്ങളെ നേരിട്ട് ജീവിതത്തിൽ പ്രതീക്ഷകളുമായി ക്യാമ്പസിൽ എത്തുന്നവരാണ്. അവരെ കൈ പിടിച്ചു മുന്നോട്ട് നടത്തേണ്ടത് സർവകലാശാലയുടെ ഉത്തരവാദിത്തമാണ്. അത് മുറുകെ പിടിച്ചു മുന്നോട്ട് പോവുക തന്നെ ചെയ്യും

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expel student politics from campus: Calicut VC slams SFI-MSF clash
Next Story