വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍പട്ടിക സമ്മറി റിവിഷനില്‍ പ്രവാസി മലയാളികൾക്കും പേരു ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഫോറം 4 എ യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവാസി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ മാർഗനിർദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും.
പ്രവാസി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താൻ പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്ക് (ഇ.ആര്.ഒ) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പറേഷനില്‍ അഡീഷനല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്കി സിറ്റിസണ്‍ രജിസ്ട്രേഷന് നടത്തണം. 'Pravasi Addition' കോളം ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാം. അപേക്ഷകന്റെ പാസ്പോര്ട്ടില് രേഖപ്പെടുത്തിയ പേരും മറ്റു വിവരങ്ങളും നല്കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആര്.ഒക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ അപേക്ഷിക്കണം. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട പ്രവാസി വോട്ടര്‍ക്ക് പോളിങ് സ്റ്റേഷനില്‍ പാസ്പോര്‍ട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

