അനധികൃത സംഘടനയുടെ പേരിൽ പണപ്പിരിവ്; കർശന നടപടി സ്വീകരിക്കുമെന്ന് പ്രവാസി കമീഷൻ
text_fieldsകോട്ടയം: പെൻഷൻ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് വ്യാപക പണപ്പിരവു നടത്തിയ അനധികൃത സംഘടനക്കെതിരെ കർശന നടപടിക്ക് ശിപാർശ ചെയ്യുമെന്ന് സംസ്ഥാന പ്രവാസി കമീഷൻ അറിയിച്ചു. കോട്ടയം ആസ്ഥാനമായുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ അംഗത്വ ഫീസ്, അംശദായം എന്നീയിനങ്ങളിലാണ് പണം വാങ്ങിയത് 250000ത്തോളം പേർ അംഗത്വമെടുത്തതായാണ് കമീഷന് ലഭിച്ച വിവരം. ഇവർക്ക് അംഗത്വ കാർഡ് നൽകുകയും ചെയ്തു.
ഈ സംഘടനക്ക് നോർക്കയുടെയോ നോർക്ക റൂട്ട്‌സിന്റെയോ അംഗീകാരമില്ലെന്ന് കമീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. ഇന്നലെ കലക്ടറേറ്റിൽ നടന്ന പ്രവാസി കമീഷൻ അദാലത്തിൽ ഈ സംഘടനക്കെതിരായ പരാതികളും പരിഗണിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പരാതിക്കാരോട് കമീഷൻ ചോദിക്കുന്നതിനിടെ മറ്റ് ആവശ്യങ്ങളുമായി അദാലത്തിലെത്തിയ നിരവധി പേർ ഇതേ സംഘടനക്ക് പണം നൽകിയതായി വെളിപ്പെടുത്തി.
സംഘടനക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് കമീഷൻ നിർദേശം നൽകുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി. പ്രവാസികളുടെ ക്ഷേമത്തിനെന്ന പേരിൽ തട്ടിപ്പു നടത്തുന്നവരുടെ കെണിയിൽ വീഴുന്നവരുടെ പരാതികൾ വർധിച്ചുവരികയാണ്. അംഗീകൃതമല്ലാത്ത സംഘടനകൾക്കെതിരെ ജാഗ്രത വേണം. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കമീഷൻ മുൻകൈ എടുത്ത് പ്രചാരണം നടത്തും. പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുകയും ചെയ്യും.
പ്രവാസികളും മുൻ പ്രവാസികളും നേരിടുന്ന പ്രശ്നങ്ങൾക്ക് കമീഷനെ സമീപിക്കാം. നാട്ടിൽ ഇല്ലാത്തവരാണെങ്കിൽ അവരുടെ പ്രവാസ രേഖകൾ ഹാജരാക്കി പ്രതിനിധികൾ മുഖേന പരാതി നൽകാമെന്ന് കമീഷൻ വ്യക്തമാക്കി. അദാലത്തിൽ ആകെ 126 പരാതികൾ പരിഗണിച്ചു. പുതിയതായി ലഭിച്ച 74 പരാതികളും ഇതിൽ ഉൾപ്പെടുന്നു. കമീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

