സർക്കാർ നടപടികളെന്തെന്ന് ഹൈകോടതി രേഖാമൂലം വിശദീകരണം നൽകാൻ നിർദേശം
text_fieldsകൊച്ചി: പ്രവാസികളെ കൊണ്ടുവരുേമ്പാഴുണ്ടാകുന്ന സാഹചര്യങ്ങൾ നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയ സൗകര്യങ്ങൾ അറിയിക്കണം. ഗർഭിണികളും പ്രായമേറിയവരും മറ്റ് രോഗങ്ങൾ അലട്ടുന്നവരുമായ പ്രവാസികൾക്ക് മുൻഗണന നൽകണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിെൻറ നിലപാടറിയിക്കണം. ക്വാറൻറീൻ നടപടികൾ കേന്ദ്ര മാർഗ നിർദേശ പ്രകാരമായിരിക്കണമെന്നും ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. പ്രവാസി മലയാളികളെ നാട്ടിലെത്തിക്കണെമന്നാവശ്യപ്പെട്ട് ദുബൈയിലെ കേരള മുസ്ലിം കൾചറൽ സെൻറർ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലറിെൻറ പശ്ചാത്തലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കോടതിയെ അറിയിച്ചു. തുടർന്നാണ് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാറിനോട് ഇക്കാര്യത്തിൽ നേരത്തേ വിശദീകരണം തേടിയിരുന്നു. വീണ്ടും കേസ് പരിഗണിക്കുന്ന ഈമാസം എട്ടിന് മുമ്പ് നൽകാമെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. നിലവിൽ തീരുമാനിച്ച വിമാന ഷെഡ്യൂൾ അനുസരിച്ച് 400 പേരെ മാത്രമേ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് ഒരു ദിവസം എത്തിക്കാനാവൂവെന്ന് കേരള മുസ്ലിം കൾചറൽ സെൻററിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് ആഴ്ചയിൽ രണ്ട് വിമാനമാണ് ഷെഡ്യൂൾ ചെയ്തത്.
400 പേരെ മാത്രമേ ഇപ്രകാരം എത്തിക്കാനാവൂ. നോർക്ക രജിസ്ട്രേഷൻ പ്രകാരം ഒന്നര ലക്ഷം പേർ കാത്തിരിക്കുേമ്പാഴാണിത്. ഇതിൽ 9000 പേർ ഗർഭിണികളാണ്. ആവശ്യമെങ്കിൽ യു.എ.ഇ എമിറേറ്റ്സ് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവിസ് നടത്താൻ തയാറാണ്. ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകണം. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ തുടർന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
