Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിപുലീകൃത സി.പി.എം...

വിപുലീകൃത സി.പി.എം സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ കോഴിക്കോട്; ആഴത്തിലുള്ള തിരുത്തലിനൊരുങ്ങി പാർട്ടി

text_fields
bookmark_border
CPM
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെയും സ്വയംവിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ സംഘടനാപരമായി ആഴത്തിലുള്ള തിരുത്തലിനൊരുങ്ങി സി.പി.എം. സെപ്റ്റംബർ 13 മുതൽ 15വരെ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട സംഘടന ശൈലിയിലെ മാറ്റവും പ്രത്യയശാസ്ത്രപരമായ ശാക്തീകരണവുമാണ്.

പാർട്ടിയുടെ എല്ലാ തലങ്ങളിലെയും ഇടപെടൽ ശക്തിപ്പെടുത്താനും ഊർജസ്വലമായി മുന്നോട്ടുപോകാനും കഴിയുംവിധമുള്ള പുതുക്കിപ്പണിയലാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കത്തെക്കുറിച്ച ചർച്ചയും ഗൗരവമുള്ള സംഘടന പരിശോധനയും നടക്കും. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് രൂക്ഷവിമർശനങ്ങളാണ് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലുള്ളത്. ഇത് താഴേത്തട്ടുവരെ റിപ്പോർട്ട് ചെയ്യും. കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടും സംസ്ഥാന ഘടകം അനുസരിച്ചില്ലെന്ന പരാമർശം കേന്ദ്ര റിപ്പോർട്ടിലില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി കേന്ദ്രകമ്മിറ്റിയും പി.ബിയും പറയുന്നതനുസരിച്ചാണ് സംസ്ഥാന ഘടകം മുന്നോട്ടുപോവുക.

ആഴത്തിലുള്ള തിരുത്തൽ വേണമെന്നാണ് കേന്ദ്ര കമ്മിറ്റി പറഞ്ഞത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ജില്ല കമ്മിറ്റിയുടെ വീഴ്ച മാത്രമല്ല, സംസ്ഥാന കമ്മിറ്റിക്ക് ഇടപെടാൻ കഴിഞ്ഞില്ലെന്ന ദൗർബല്യവും തങ്ങൾ പറഞ്ഞിട്ടുണ്ട്. ആ പോരായ്മ കേന്ദ്രകമ്മിറ്റിയും ചൂണ്ടിക്കാട്ടി, അത്രമാത്രം. ഏതെങ്കിലും വ്യക്തിക്ക് പറ്റിയ പിശകായി അതിനെ കാണേണ്ടതില്ലെന്നുതന്നെയാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

‘സെക്രട്ടറി മാറുമെന്നത് നിങ്ങളുടെ സ്വപ്നം’

സെക്രട്ടറി മാറുമോ എന്ന് ചോദ്യമുയർന്നപ്പോൾ ‘അത് നിങ്ങളുടെ സ്വപ്നമാണല്ലോ’ എന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ മറുപടി. അതിനുവേണ്ടിയാണല്ലോ മാധ്യമങ്ങൾ പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരാൾ മാറുന്നതോ ഒരാളെ കൂട്ടിച്ചേർക്കുന്നതോ അല്ല പ്രധാനം. സംഘടനാപരമായ ദൗർബല്യങ്ങൾ പരിശോധിക്കലും താനുൾപ്പെടെ നേതാക്കൾ എങ്ങനെ മാറണമെന്നതിനെക്കുറിച്ച് കാഴ്ചപ്പാട് രൂപപ്പെടുത്തലും അതിനായുള്ള കർമപദ്ധതി തയാറാക്കലുമാണ് ഉദ്ദേശിക്കുന്നത്.

അംഗങ്ങളെ മാറ്റി സെക്രട്ടേറിയറ്റ് ശക്തിപ്പെടുത്തുമോ എന്ന ചോദ്യത്തോട് അതൊന്നും താൻ ഇപ്പോൾ പറയുന്നില്ലെന്നായിരുന്നു പ്രതികരണം. അതെല്ലാം ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കും. വേണ്ടിവന്നാൽ അങ്ങനെ എടുക്കാം. മാറ്റത്തിന് വിധേയമാവാത്ത ഒരാളുമില്ല. സെക്രട്ടേറിയറ്റിലുള്ളവരെ മാറ്റി പുതിയ ആളുകളെ വെക്കലാണ് സംസ്ഥാന കമ്മിറ്റിയുടെ ഉദ്ദേശ്യം എന്ന രീതിയിൽ പ്രചരിപ്പിക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിവാദ ലേഖനം ദേശാഭിമാനിക്ക് ലഭിച്ചിട്ടില്ല’

തിരുവനന്തപുരം: കള്ളൻ വിജയൻ എന്ന പേരിൽ ലേഖനം ദേശാഭിമാനിക്ക് ലഭിച്ചിട്ടില്ലെന്നും വന്നാലല്ലേ കൊടുക്കാനാകൂവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്ത് പ്രസിദ്ധീകരിക്കണം, പ്രസിദ്ധീകരിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം ദേശാഭിമാനിക്കാണ്. ദേശാഭിമാനി എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ല എന്ന് ചോദിക്കാൻ മറ്റുള്ളവർക്ക് എന്താണ് അവകാശം. വാരാന്ത്യപ്പതിപ്പിൽ എന്തെല്ലാം ഉൾക്കൊള്ളിക്കണം എന്ന് പത്രാധിപ സമിതിയാണ് തീരുമാനിക്കുക. സാങ്കേതിക പ്രശ്നം കൊണ്ടാണ് പ്രസിദ്ധീകരിക്കാൻ ഒരു ദിവസം വൈകിയത്. സാങ്കേതികപ്രശ്നം പരിഹരിച്ചതോടെ സപ്ലിമെന്റ് ഇറക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

‘സംഘ്പരിവാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ധൃതികാട്ടുന്നു’

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹി സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിൽവന്ന്‌ മോദി സർക്കാരിന്റേതിന് സമാനമായ നിലപാടെടുക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിദ്യാർഥിസമരത്തിന്‌ ഐക്യദാർഢ്യമർപ്പിച്ചുള്ള കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്ത റാപ്പർ വേടൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. എസ്‌.എഫ്‌.ഐ പ്രവർത്തകരെ പൊലീസ്‌ മര്‍ദിച്ച്‌ വലിച്ചിഴച്ചു. ആശുപത്രിയിലെത്തിച്ചത്‌ കൈവിലങ്ങ്‌ അണിയിച്ചാണ്‌. അതേസമയം സമരത്തെ പിന്തുണച്ച ചലച്ചിത്രതാരങ്ങളുടെ വീടുകളിലേക്ക്‌ സംഘ്പരിവാർ നടത്തിയ മാർച്ച്‌ സർക്കാർ കാണുന്നില്ല. സംഘ്പരിവാർ എന്താണോ ആഗ്രഹിക്കുന്നത്‌, അത്‌ നടപ്പാക്കാനുള്ള വ്യഗ്രതയാണ്‌ മുഖ്യമന്ത്രിക്ക്.

സംഘ്പരിവാർ നിർദേശമനുസരിച്ച്‌ മുസ്ലിംകളല്ലാത്തവരെ വഖഫ്‌ ബോർഡിൽ അംഗങ്ങളാക്കിയാൽ അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനും മുസ്‍ലിം ലീഗിനുമാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തിലുള്ള രണ്ടുപേരെ നിയോഗിക്കുകയോ നിയോഗിക്കാമെന്ന്‌ പറയുകയോ ചെയ്‌തിട്ടില്ല. ഇക്കാര്യം മുന്‍ നിയമമന്ത്രി പി. രാജീവ്‌ രേഖകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindancpm state committeeCPM
News Summary - Expanded CPM State Committee to meet in Kozhikode in September
Next Story