‘ചതിച്ചത് കണ്ണൂർ സ്വദേശി’; സൗദിയിൽ വധശിക്ഷക്ക് വിധേയനായ അബൂട്ടി വഞ്ചിക്കപ്പെട്ടതെന്ന്
text_fieldsഅബൂട്ടി
കണ്ണൂർ: ജോലി വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് കുടുംബനാഥനെ അതിമാരക മയക്കുമരുന്ന് കടത്തുകാരുടെ വാഹകനാക്കി മാറ്റി ഒടുവിൽ കൊലക്കയറിലേക്ക് തള്ളിവിട്ട കണ്ണൂർ സ്വദേശിക്കെതിരെ നടപടി വേണമെന്ന ആവശ്യമുയരുന്നു. ഒമാൻ-സൗദി അതിർത്തിയിൽ നിരോധിത മയക്കുമരുന്ന് കടത്തിയെന്ന കേസിൽ വധശിക്ഷക്ക് വിധേയനായ പെരിങ്ങാടി സ്വദേശി അബൂട്ടി (അബൂബക്കർ) തികച്ചും നിരപരാധിയാണെന്നും കണ്ണൂർ സ്വദേശിയുടെ ആസൂത്രിത ചതിയിലാണ് അദ്ദേഹം കുടുങ്ങിയതെന്നും വ്യക്തമാക്കി കുടുംബവും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. അബൂട്ടിയുടെ വീട് സന്ദർശിച്ചശേഷം അബ്ദുന്നാസർ എന്ന സാമൂഹിക പ്രവർത്തകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
മാഹി പാലത്തിനടുത്ത് ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ്മാനായിരുന്ന പിതാവിന്റെ വിയോഗത്തിന് ശേഷം കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അബൂട്ടി. വൃദ്ധയായ മാതാവ്, ഭാര്യ, രണ്ട് ചെറിയ പിഞ്ചുമക്കൾ, ഒരു സഹോദരി എന്നിവരടങ്ങുന്നതാണ് ഈ നിർധന കുടുംബം. അബൂട്ടിയുടെ അപ്രതീക്ഷിത വിയോഗത്തോടെ താങ്ങാനാവാത്ത കണ്ണീരിലും നിസ്സഹായാവസ്ഥയിലുമാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
നിരോധിത വസ്തുക്കൾ കയറ്റിയ വാഹനം ഒമാൻ സൗദി അതിർത്തിയിൽ വെച്ച് സൗദി അധികൃതർ കസ്റ്റഡിയിൽ എടുത്തത്തിനെ തുടർന്ന് വാഹനം ഡ്രൈവ് ചെയ്തിരുന്ന പെരിങ്ങാടി സ്വദേശി അബൂട്ടി എന്ന യുവാവിനെ സൗദിയിൽ വധശിക്ഷക്ക് വിധേയനാക്കുകയുണ്ടായി.
ഇന്നലെ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു.ബന്ധുക്കളുമായി കണ്ട് കാര്യങ്ങൾ ആരാഞ്ഞു.
അബൂട്ടിയുടെ ഉമ്മയും ഭാര്യയും ( സാമ്പത്തികമായി സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു അനാഥ യുവതിയെ ആണ് അബൂട്ടി ജീവിത പങ്കാളി ആക്കിയത്) ഒരു സഹോദരിയും ആണ് ആ വീട്ടിൽ താമസിക്കുന്നത്.മറ്റൊരു സഹോദരി അല്പം ദൂരെ ഒരു ദേശത്തു താമസിക്കുന്നു. അബൂട്ടിയുടെ രണ്ടു ചെറിയ മക്കൾ കാര്യങ്ങൾ ഒന്നും വേണ്ടത്ര അറിയാതെ വീട്ടിൽ നടക്കുന്നുണ്ട്. അബൂട്ടിയുടെ പിതാവ് ദീർഘകാലം മാഹി പലതിനടുത്തു ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ സെയിൽസ്മാൻ ജോലി ചെയ്ത, എനിക്ക് നല്ല പരിചയമുള്ള ആളാണ്.അദ്ദേഹം ഇന്നില്ല.
അബൂട്ടി ഒമാനിൽ ഒരു മൊബൈൽ ഫോൺ ഷോപ്പിൽ ചെറിയ ജോലിയിൽ ആയിരുന്നു. ആയിടെ ഉടമ ആ കട കച്ചവടം നിർത്തി. തുടർന്ന് പുതിയ ജോലിക്കും വിസക്കും ഉള്ള അന്വേഷണത്തിലായി. കണ്ട് പരിചയമുള്ള ഒരു കണ്ണൂർകാരൻ ജോലിയും വിസയും കൊടുക്കാമെന്നേറ്റു. പാസ്പോർട്ട് കോപ്പി വാങ്ങി. ആരെയും വിശ്വസിക്കുന്ന ഒരു പാവമായിരുന്നു അബൂട്ടി.ഒടുവിൽ വിസ കിട്ടും നീ നാട്ടിൽ പോയി വന്നോളൂ എന്ന് പറഞ്ഞു. പോകുന്ന തിയതി ഫിക്സ് ചെയ്തു.നാട്ടിൽ അറിയിച്ചു.പറഞ്ഞ ദിവസം വീട്ടുകാർ കോഴിക്കോട് എയർപോർട്ടിൽ വണ്ടിയുമായി അബൂട്ടിയെ കൂട്ടികൊണ്ടുവരാൻ ചെന്നു. വിമാനത്തിലെ യാത്രക്കാർ എല്ലാം ഇറങ്ങി പുറത്തേക്കു പോയിട്ടും അബൂട്ടി മാത്രം വന്നില്ല. ഒടുവിൽ അവർ മടങ്ങി.പിന്നെ രണ്ടു ആഴ്ച യാതൊരു വിവരവും ഉണ്ടായില്ല.ബന്ധപ്പെടാനും ആയില്ല. പിന്നീട് പലരും അന്വേഷണം നടത്തി.
ഒടുവിൽ അറിയുന്നു അബൂട്ടി സൗദി ജയിലിൽ ആണെന്ന്!.വിസ കൊടുക്കാം എന്ന് പറഞ്ഞ കണ്ണൂർക്കാരൻ അബൂടിക്ക് നാട്ടിൽ പോവാൻ നിശ്ചയിച്ചതിന്റെ തലേ ദിവസം അബൂട്ടിയോട് പറഞ്ഞു അയാളുടെ വണ്ടി സൗദിയിൽ ഒരിടത്തു എത്തിച്ചു കൊടുത്തിട്ട് അവിടെ നിന്നും നാട്ടിലേക്ക് പോയ്കോളൂ എന്ന്. യാത്ര രേഖകൾ എല്ലാം ശരിയാക്കിക്കൊടുത്തു.
അവിടത്തെ നിയമം അനുസരിച്ചു ഒരു സ്വകാര്യ വാഹനം അതിർത്തി കടത്താൻ വാഹനത്തിന്റെ ഉടമ തന്നെ ആയിരിക്കണം വണ്ടി ഓടിക്കുന്നത്. അതിനും കണ്ണൂർക്കാരൻ വഴിയൊരുക്കിയിരുന്നു. വണ്ടി താത്കാലികമായി അബൂട്ടിയുടെ പേരിലേക്ക് മാറ്റിയിരുന്നു. രണ്ടു പെട്രോൾ ടാങ്ക് ഉള്ള മുന്തിയ വാഹനം. കണ്ണൂർക്കാരൻ പ്രത്യേകം പറഞ്ഞു അതിൽ ഒരു ടാങ്ക് ലീക്ക് ഉണ്ട്. അതിനാൽ മറ്റേ ടാങ്കിൽ മാത്രമേ ഇന്ധനം നിറക്കാവൂ എന്ന്. അങ്ങിനെ അബൂട്ടി യാത്ര തുടങ്ങി വണ്ടി ഒമാനിൽ നിന്നു സൗദി അതിർത്തിയിൽ എത്തി. അവിടെ രേഖകൾ പരിശോധിക്കുന്നതിനിടയിൽ വണ്ടി സ്കാൻ ചെയ്തു പരിശോധിക്കും.
ആ പരിശോധനയിൽ ലീക്കുണ്ട് എന്ന് പറഞ്ഞ ഇന്ധന ടാങ്കിൽ മയക്കുമരുന്ന് ഉണ്ട് എന്ന് കണ്ടുപിടിച്ചു. ചില്ലറയൊന്നുമല്ല 42 കിലോ മെറ്റാഫെറ്റമിൻ. കോടിക്കണക്കിനു രൂപ വിലയുള്ള അതിമാരക മയക്കു വിഷം.
അബൂട്ടി ഉള്ളിലായി. ഒടുവിൽ വിധി വന്നു ( അബൂട്ടിയുടെ ദുർവിധി ). ആദ്യം നീണ്ട വർഷത്തെ തടവ് ആയിരുന്നു വിധി. പിന്നീടത് അപ്പീൽ കോടതി വധശിക്ഷ ആക്കി.
അതിനിടയിൽ കണ്ണൂർകാരനെ കുടുംബം കണ്ടെത്തി. അവൻ ആദ്യം നിരപരാധി നടിച്ചു. പിന്നീട് സത്യം പറഞ്ഞു. പറ്റിപ്പോയതാണ്. ക്ഷമിക്കണം. ഞാൻ തന്നെ അബൂട്ടിയെ ജയിലിൽ നിന്നിറക്കാൻ വേണ്ടത് ചെയ്യും. കുറച്ചു രൂപ സ്വീകരിക്കണം. കുടുംബം പറഞ്ഞു പണം ഞങ്ങൾക്ക് വേണ്ട. അബൂട്ടിയെ മതി.
എന്നാൽ ഇറക്കാൻ അയാൾ ഒന്നും ചെയ്തില്ല.അതിനായി പോയാൽ അയാളും ഉള്ളിലാവും എന്ന് അയാൾക്കറിയാം. സാമ്പത്തികമോ ആൽബലമോ ഇല്ലാത്ത കുടുംബത്തിന് കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. ചെറിയ ഇടപെടൽ ഒക്കെ നടത്തി. എംബസി യുമായി ബന്ധപ്പെട്ടു.പക്ഷെ ഒന്നും ഫലിച്ചില്ല.
മിനിയാന്ന് പുലർച്ചെ അബൂട്ടിക്കുള്ള വധശിക്ഷ നടപ്പാക്കി. കുടുംബം കണ്ണീരിലായി.
കണ്ണൂക്കാരൻ ഇപ്പോളും സസുഖം വാഴുന്നു. വളരെ വലിയ മയക്കുമരുന്ന് ശൃംഗലയുടെ ഉടമയോ ഭാഗമോ ആവാം അയാൾ.
ആയാളുടെ പേര് ഇബിലീസ് എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം. കാരണം ഇബിലീസിന് അല്ലാതെ മറ്റാർക്കും ചെയ്യാൻ ആവില്ല ഈ കൊടും ദ്രോഹം.
അതിനിടയിൽ അബൂട്ടിയെ മോചിപ്പിക്കാൻ ഇടപെടാം എന്ന് പറഞ്ഞു ഒരു ചൊക്ലിക്കാരൻ വിദ്വാൻ രണ്ടര ലക്ഷം രൂപ ഇവരിൽ നിന്നു തട്ടിച്ച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കേരള സർക്കാർ ഇടപെടുമോ ആ കൊടും പിശാച്ചിന് ശിക്ഷ വാങ്ങിക്കൊടുക്കാൻ?. നിരാലാംബരായ ആ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ലഭ്യമാക്കാൻ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

