തൊടുപുഴ: അബ്കാരി, മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് ഹിസ്റ്ററി ഷീറ്റ് തയാറാക്കാൻ ഒരുങ്ങി എക്സൈസ് വകുപ്പ്. ശിക്ഷ കഴിഞ്ഞിറങ്ങുന്നവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് വകുപ്പിെൻറ സുപ്രധാന നീക്കം. പിഴ ഉൾപ്പെടെ കോടതി ശിക്ഷ വിധിച്ച പ്രതികളുടെ വിവരങ്ങൾ നിശ്ചിത മാതൃകയിലുള്ള ചാർട്ടിൽ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് ഒാഫിസുകളിൽ സൂക്ഷിക്കാനാണ് തീരുമാനം.
ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാനും കുറ്റാന്വേഷണം സുഗമമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. കോടതി ശിക്ഷിച്ച പ്രതികളുടെ പേര് വിവരം, വിലാസം, ഫോൺ നമ്പർ, മുമ്പ് താമസിച്ചിരുന്ന സ്ഥലത്തെ വിലാസം, തൊഴിൽ, അടുത്ത ബന്ധുക്കളുടെ പേരും വിലാസവും, കുറ്റകൃത്യത്തിെൻറ സ്വഭാവം, മുമ്പ് പ്രതിയുടെ പേരിലുള്ള കേസുകളുടെ വിവരങ്ങൾ, പ്രതിക്കെതിരായ പരാതിയുടെ ചുരുക്കം, പരാതിക്കാരെൻറ പേരും വിലാസവും തുടങ്ങിയ വിവരങ്ങളാകും ശേഖരിക്കുക. ഒാരോ പ്രതിക്കും പ്രത്യേക ഹിസ്റ്ററി ഷീറ്റ് തയാറാക്കും. ജില്ല, റേഞ്ച്, സർക്കിൾ, സ്ക്വാഡ് എന്നിവയെ സൂചിപ്പിക്കുന്ന നമ്പർ ഒാേരാ ഹിസ്റ്ററി ഷീറ്റിലുമുണ്ടാകും.
ഹിസ്റ്ററി ഷീറ്റ് കേന്ദ്രീകൃത സംവിധാനത്തിൽ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് എക്സൈസ് ഹെഡ്ക്വാർേട്ടഴ്സിൽ പ്രത്യേക സംവിധാനം ഒരുക്കാനും ആലോചിക്കുന്നുണ്ട്. വർധിച്ചുവരുന്ന അബ്കാരി, മയക്കുമരുന്ന് കേസുകളിലെ പ്രതികളിൽ പലരും മുമ്പ് സമാന കേസുകളിൽ ഉൾപ്പെട്ടവരാണ്. എന്നാൽ, ശിക്ഷ കഴിഞ്ഞിറങ്ങുന്ന ഇവരുടെ വിവരങ്ങൾ എക്സൈസ് വകുപ്പിെൻറ കൈവശമില്ലാത്തതിനാൽ അന്വേഷണവും പ്രതികളെ പിടികൂടലും പലപ്പോഴും അത്ര എളുപ്പമല്ല.
ഇൗ സാഹചര്യത്തിലാണ് ശിക്ഷിക്കപ്പെടുന്നവരുടെ പൂർണവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നത്. ലഹരിക്ക് അടിപ്പെട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ ലഹരിയിൽനിന്ന് മുക്തിനേടാൻ സഹായിക്കാനും ഒരു ഒാഫിസ് പരിധിയിലെ സ്ഥിരം കുറ്റവാളികളെ കണ്ടെത്താനും നിരീക്ഷിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.ആവശ്യമെങ്കിൽ ഇൗ വിവരങ്ങളും ഇതര ജില്ലകളുമായും സംസ്ഥാനങ്ങളുമായും പങ്കുവെക്കും.