ദുരന്തനിവാരണ ചട്ടങ്ങൾ ലംഘിച്ചു; ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് റിപ്പോർട്ട്
text_fieldsകൽപറ്റ: നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് കണ്ടെത്തൽ. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ആന്റോ അഗസ്റ്റിൻ വീടു നിർമിച്ചതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്ക് മാറ്റാൻ 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ, സ്ഥലപരിശോധന നടത്താനെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതായി കാണിച്ച് 2022 മാർച്ച് 28ന് ആന്റോയ്ക്ക് നോട്ടിസ് നൽകി. പിന്നീട്, ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും അസി. എക്സൈസ് കമ്മിഷണർ ആർ.എൻ. ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പരമാവധി മൂന്ന് നിലകൾ, 10 മീറ്റർ എന്നിങ്ങനെയാണ് വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം. എന്നാൽ, പഞ്ചായത്തിൽ നൽകിയ പ്ലാൻ പ്രകാരം, ആന്റോയുടെ വീടിനു നാലു നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കാണിച്ചാണു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്.
അതേസമയം, ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഇന്ന് ഉച്ചയ്ക്ക് 12 വരെ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വിട്ടത്. നാലുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എക്സൈസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. ആന്റോയെ തെളിവെടുപ്പിനായി മദ്യം പിടികൂടിയ വീട്ടിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന. തുടർന്നാവും ചോദ്യം ചെയ്യുക. വീട്ടിൽനിന്നു കണ്ടെത്തിയ മദ്യശേഖരത്തിൽ വ്യാജമദ്യവും ഉണ്ടായിരുന്നു. ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് അന്വേഷിക്കുന്നത്.
കഴിഞ്ഞദിവസം ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. തുടർന്ന് ഹരജി 22നു പരിഗണിക്കാൻ മാറ്റിവെച്ചു. മദ്യം പിടിച്ചെടുത്ത കെട്ടിടം 2022 ജൂൺ 30ന് സർഫാസി നടപടികളുടെ ഭാഗമായി വിറ്റതാണെന്നും ആന്റോയുടേതല്ലെന്നുമാണു പ്രതിഭാഗം വാദിക്കുന്നത്. എന്നാൽ, ഈ വർഷം മാർച്ചിൽ ഹരജിക്കാരൻ കെട്ടിട നികുതി അടച്ചിട്ടുണ്ടെന്നു ഹൈകോടതിയിൽ വ്യക്തമാക്കിയിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ ബിൽഡിങ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

