ലഹരി കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ എക്സൈസിന് ഗുരുതര വീഴ്ച
text_fieldsതിരുവനന്തപുരം: അബ്കാരി-മയക്കുമരുന്ന് കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ എക്സൈസിന് വീഴ്ചയെന്ന് സി.എ.ജി. 2023 മാർച്ച് 31ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 4,863 അബ്കാരി-മയക്കുമരുന്ന് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ ബാക്കിയുണ്ട്. ഇതിൽ 3,494 എണ്ണം അബ്കാരി കേസുകളും 1,369 എണ്ണം എൻ.ഡി.പി.എസ് കേസുകളുമാണ്.
അഞ്ച് വർഷത്തിലധികമായി കുറ്റപത്രം സമർപ്പിക്കാത്ത 53 കേസുകളും (51 അബ്കാരി, രണ്ട് എൻ.ഡി.പി.എസ്) റിപ്പോർട്ടിലുണ്ട്. വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ 180 ദിവസം വരെ അനുവദിക്കുന്ന വകുപ്പ് പ്രയോഗിക്കാൻ എക്സൈസ് കമീഷണർ നിർദേശം നൽകിയിരുന്നെങ്കിലും പരിശോധിച്ച കേസുകളിൽ ഒന്നിൽ പോലും ഇത് നടപ്പാക്കിയിട്ടില്ല. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ നിർണായകമായ രാസപരിശോധന റിപ്പോർട്ടുകൾ ലഭിക്കുന്നതിലെ കാലതാമസം അന്വേഷണത്തെ ബാധിക്കുന്നു.
നിയമപ്രകാരം 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകേണ്ട സ്ഥാനത്ത്, ഏഴ് മാസം വരെ വൈകിയാണ് ലഭിക്കുന്നത്. എൻ.ഡി.പി.എസ് കേസുകളിൽ ലഹരിവസ്തുക്കൾ കൈവശം വച്ചതൊഴികെയുള്ള ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ വകുപ്പ് പരാജയപ്പെടുന്നു. പരിശോധിച്ച 1,596 കേസുകളിൽ ഇത്തരം വകുപ്പുകൾ ചേർത്തിട്ടില്ലാത്തതിനാൽ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികളെ കണ്ടെത്താൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

