കള്ളുനീക്കത്തിൽ കണ്ണടച്ചു; എക്സൈസ് വീഴ്ചയിൽ 8.31 കോടി നഷ്ടം
text_fieldsതിരുവനന്തപുരം: ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകാനുള്ള അധിക പെർമിറ്റ് ഫീസ് ഈടാക്കുന്നതിൽ എക്സൈസ് വകുപ്പ് വീഴ്ചവരുത്തിയെന്ന് സി.എ.ജി. മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകാൻ ലിറ്ററിന് ഒരുരൂപ വീതം പെർമിറ്റ് ഫീസും ലിറ്ററിന് ഒരുരൂപ നിരക്കിൽ അധിക പെർമിറ്റ് ഫീസും അടയ്ക്കണം. 2021 ഒക്ടോബർ 23 മുതലാണ് സർക്കാർ ഈ അധിക പെർമിറ്റ് ഫീസ് നടപ്പാക്കിയത്. എന്നാൽ, ഇതിൽ വീഴ്ച വന്നതിനെ തുടർന്ന് 8.31 കോടിയുടെ നഷ്ടമുണ്ടായെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.
പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫിസിലും ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫിസിലും നടത്തിയ പരിശോധനയിലാണ് ഈ വരുമാന നഷ്ടം കണ്ടെത്തിയത്. 2021-22 കാലയളവിൽ ഇത്തരത്തിൽ കൊണ്ടുപോയ 8,46,52,601 ലിറ്റർ കള്ളിന് അധിക ഫീസായി 846.53 ലക്ഷം (8.46 കോടി) ഈടാക്കേണ്ടതായിരുന്നു. എന്നാൽ, ഭൂരിഭാഗം കേസുകളിലും (73 കേസുകൾ ഒഴികെ) ഈ അധിക ഫീസ് ആവശ്യപ്പെട്ടില്ല. ഈടാക്കേണ്ട തുകയിൽ വെറും 36.65 ലക്ഷത്തിന് മാത്രമാണ് ഡിമാൻഡ് നോട്ടീസ് നൽകിയത്.
അതിൽതന്നെ 15.41 ലക്ഷം മാത്രമാണ് പിരിച്ചെടുത്തത്. ഇതേ തുടർന്ന് 831.12 ലക്ഷം (8.31 കോടി) സർക്കാർ ഖജനാവിന് നഷ്ടമായി. ഓഡിറ്റ് റിപ്പോർട്ടിൽ ഇത് ചൂണ്ടിക്കാട്ടിയപ്പോൾ, കുടിശ്ശിക തുകയ്ക്ക് മുൻകാല പ്രാബല്യത്തോടെ ഡിമാൻഡ് നോട്ടീസ് നൽകിയെന്നും എന്നാൽ, ഇതിനെതിരെ ലൈസൻസികൾ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയെന്നും സർക്കാർ അറിയിച്ചു. പക്ഷേ, പെർമിറ്റ് നൽകുന്ന സമയത്ത് തന്നെ തുക ഈടാക്കാത്തതാണ് യഥാർഥ വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫിറ്റ്നസില്ലാതെ വാഹനങ്ങൾ; പിഴ ഈടാക്കാൻ മടിച്ചു
തിരുവനന്തപുരം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാത്ത വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കത്തത് മൂലം സർക്കാറിന് 8.82 കോടിയുടെ നഷ്ടമെന്ന് സി.എ.ജി. തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിൽ ‘ഇ-ചലാൻ’ സോഫ്റ്റ്‌വെയർ വഴി പുറപ്പെടുവിച്ച 6,39,846 ചലാൻ റിപ്പോർട്ടുകൾ പരിശോധിച്ചതിലാണ് വീഴ്ച കണ്ടെത്തിയത്.
പിഴയും അധിക ഫീസും കൃത്യമായി ഈടാക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് പരാജയപ്പെട്ടുവെന്നാണ് ഓഡിറ്റ് വിമർശനം. ഇതാണ് ഏകദേശം 8.82 കോടിയുടെ വരുമാന നഷ്ടത്തിന് കാരണമായത്. ഇത്തരത്തിൽ ഈടാക്കുന്ന കോമ്പൗണ്ടിങ് ഫീസിന്റെ 50 ശതമാനം റോഡ് സുരക്ഷാ ഫണ്ടിലേക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. പിഴ ഈടാക്കുന്നതിലെ വീഴ്ച മൂലം ഈ ഫണ്ടിലേക്കുള്ള തുകയിലും വലിയ കുറവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

