ജോസഫ് മാത്യു മികച്ച ഹയർ സെക്കൻഡറി അധ്യാപകൻ
text_fieldsചെറുതോണി: മുരിക്കാശ്ശേരി സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മാത്യു (ജിമ്മിച്ചൻ) സംസ്ഥാന സർക്കാറിന്‍റെ 2022-23 വർഷത്തെ മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള പുരസ്കാരത്തിന് അർഹനായി. കാമാക്ഷി പഞ്ചായത്തിലെ മേലേക്കുപ്പച്ചാംപടിയിലെ കർഷക കുടുംബത്തിൽ ജനിച്ച ജോസഫ് മാത്യു എന്ന കാരിമറ്റത്തിൽ ജിമ്മിച്ചൻ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ബിരുദവും നേടി.
2000ത്തിൽ ഉദയഗിരി സെന്‍റ് മേരീസ് യു.പി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് പാറത്തോട് സെന്‍റ് ജോർജ് ഹൈസ്കൂൾ, ഇരട്ടയാർ സെന്‍റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 2017 മുതൽ 2021വരെ വെള്ളയാംകുടി സെന്‍റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി.
തുടർന്ന് 2021 മുതൽ മുരിക്കാശ്ശേരി സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ. ഒമ്പത് വർഷം കട്ടപ്പന ഉപജില്ല സാമൂഹികശാസ്ത്ര ക്ലബ് സെക്രട്ടറി, 2005 മുതൽ 2009 വരെ സാമൂഹിക ശാസ്ത്ര ക്ലബ് ഇടുക്കി റവന്യൂ ജില്ല സെക്രട്ടറി. സാമൂഹികശാസ്ത്ര ക്ലബ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായും പ്രവർത്തിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഇടുക്കി ജില്ല കോഓഡിനേറ്റർ, മുഖ്യമന്ത്രി അധ്യക്ഷനായ യൂത്ത് പാർലമെന്‍റിന്‍റെ ജില്ല കോഓഡിനേറ്റർ, ഹയർ സെക്കൻഡറി വിഭാഗം ഇടുക്കി ജില്ല കോഓഡിനേറ്റർ, ഇടുക്കി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന അക്കാദമിക് എക്സലൻസ് പ്രോഗ്രാമിന്റെ ജില്ല കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി വെള്ളയാംകുടി സെന്‍റ് ജെറോംസ് സ്കൂൾ ഹൈടെക് ആക്കുവാൻ മുഖ്യപങ്കുവഹിച്ചു. കട്ടപ്പന വിദ്യാഭ്യാസ ജില്ല എച്ച്.എം ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. ഭാര്യ സൂസമ്മ ജോസഫ് ഇരട്ടയാർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമ്പത്തികശാസ്ത്രം അധ്യാപികയാണ്.മൂത്ത മകൾ വർഷ ജോസ് ബനാറസ് യൂനിവേഴ്സിറ്റിയിൽ പി.ജി വിദ്യാർഥി. ഇളയ മകൻ ഫെലിക്സ് ജോസഫ് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

