തിരിച്ചെത്തുന്ന പ്രവാസികൾ ഏഴ് ദിവസം സർക്കാർ നിരീക്ഷണത്തിൽ കഴിയണം
text_fieldsതിരുവനന്തപുരം: വിദേശത്ത് നിന്നും പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചു പേരെ മാത്രമേ ആദ്യ ഘട്ടത്തിൽ എത്തിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വിമാനത്തിൽ 200 പേരാണ് ഉണ്ടാകുക. വിമാനങ്ങളിൽ വരുന്നവരെ നേരെ വീട്ടിലേക്ക് അയയ്ക്കാൻ കഴിയില്ല. 7 ദിവസം ക്വാറന്‍റീനിൽ കഴിയേണ്ടിവരും. ഏഴാം ദിവസം പി.സി.ആർ ടെസ്റ്റ് നടത്തും. നെഗറ്റീവായാൽ വീട്ടിലേക്ക് അയക്കും. വീട്ടിൽ പോകുന്നവർ ഒരു ആഴ്ച വീട്ടിൽ ക്വാറന്‍റീനിൽ കഴിയണം. 2 ലക്ഷം ആന്‍റ് ബോഡി ടെസ്റ്റ് കിറ്റിന് ഓർഡർ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ആദ്യ അഞ്ച് ദിവസം 2250 പേരാകും എത്തുകയെന്നും ആകെ 80000 പേരാകും എത്തുക. എന്നാൽ അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ മുൻഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേർ വരും. 4,42,000 പേരാണ് തിരിച്ചുവരാൻ റജിസ്റ്റർ ചെയ്തത്.
തൊഴിൽ നഷ്‌ടമായവർ, തൊഴിൽ കരാർ പുതുക്കാനാവാത്തവർ, ജയിൽ മോചിതർ, ഗർഭിണികൾ, ലോക്ഡൗൺ കാരണം മാതാപിതാക്കളിൽനിന്നു വിട്ടു നിൽക്കുന്നവർ, കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികൾ, വീസ കാലാവധി കഴിഞ്ഞവർ എന്നീ വിഭാഗങ്ങളിലുള്ളവരെ ആദ്യഘട്ടത്തിൽത്തന്നെ നാട്ടിലെത്തിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്‌തു. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റ് വഴി ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട എംബസികൾക്കും കൈമാറേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല, കേന്ദ്രസർക്കാരോ എംബസിയോ വിവരങ്ങൾ തന്നിട്ടുമില്ല. ഇക്കാര്യം കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
മുൻഗണനാ വിഭാഗങ്ങളിൽ പെട്ടവരെ എത്രയും വേഗം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് എത്തിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. കേരളത്തിൽ നാല് രാജ്യാന്തര വിമാനത്താവളങ്ങൾ ഉണ്ട്. ഇത് വഴി പ്രവാസികളെ കൊണ്ടുവരാൻ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പക്ഷേ കണ്ണൂർ വിമാനത്തെ അതിൽനിന്ന് ഒഴിവാക്കി. കാരണം വ്യക്തമാക്കിയിട്ടുമില്ല. ഈ കാര്യവും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നോർക്കയിൽ റജിസ്റ്റർ ചെയ്‌തവരിൽ 69120 പേർ കണ്ണൂരിലേക്കു വരാനാണ് താൽപര്യം പ്രകടിപ്പിച്ചത്. ലോക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ മറ്റു വിമാനത്താവളങ്ങളിൽ വിമാനമിറങ്ങിയാൽ അവർക്കു നാട്ടിലെത്താൻ ബുദ്ധിമുട്ടുണ്ടാവും.
കേന്ദ്രസർക്കാർ അറിയിച്ചത് അനുസരിച്ച്, കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശത്തുനിന്ന് വിമാനത്തിൽ ആളുകളെ എത്തിക്കുന്നത്. കോവിഡ് ടെസ്റ്റില്ലാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് യാത്ര തിരിക്കുന്നതിനു മുൻപ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.