പരീക്ഷാക്രമക്കേട്: ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി പി.എസ്.സി
text_fieldsതിരുവനന്തപുരം: പരീക്ഷാ ക്രമക്കേടും തിരിമറികളും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകളിൽ ചിലത് പി.എസ്.സി കൈമാറി. പ്രത്യേക ദൂതൻ മുഖേനയാണ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചില രേഖകൾ കൈമാറിയതെന്ന് പി.എസ്.സി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, അന്വേഷണസംഘം ആവശ്യപ്പെട്ട മുഴുവൻ രേഖകളും കൈമാറിയിട്ടില്ല. ചിലത് നൽകാനാവില്ലെന്ന നിലപാടിലാണ് പി.എസ്.സി.
പരീക്ഷാക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പി.എസ്.സി ആസ്ഥാനത്തെത്തി ചില രേഖകൾ അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധിച്ചിരുന്നു. അതിനുപുറമെ ആവശ്യപ്പെട്ട രേഖകളിൽ ചിലതാണ് കൈമാറിയതെന്നാണ് വിവരം. എന്നാൽ, പരീക്ഷാപേപ്പറുകളുടെ മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിശദാംശങ്ങളൊന്നും കൈമാറില്ലെന്നറിയുന്നു.
ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അതിൽ വിജ്ഞാപനം ഉൾപ്പെടെ ചില രേഖകളാണ് കൈമാറിയതെന്നാണ് വിവരം. ആസൂത്രണ ബോര്‍ഡിലെ മൂന്ന് നിയമനങ്ങളിലേക്കുള്ള പരീക്ഷ എഴുതിയ നാലുപേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘത്തിന്റെ നടപടി. കഴിഞ്ഞദിവസം കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി. അജീതാബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാനുമായി സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

