പരീക്ഷ ക്രമക്കേട്: എസ്.ഐ.ടി സംഘം വീണ്ടും പി.എസ്.സി ആസ്ഥാനത്ത്
text_fieldsതിരുവനന്തപുരം: പരീക്ഷാക്രമക്കേട്, നിയമനവിവാദങ്ങൾ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം വീണ്ടും പി.എസ്.സി ആസ്ഥാനത്ത് പരിശോധനക്കെത്തി. പി.എസ്.സി കൈമാറിയ രേഖകൾ പരിശോധിച്ചശേഷമാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഉച്ചയോടെ എത്തിയത്. പി.എസ്.സി മൂല്യനിർണയ സംവിധാനമായ ഓൺസ്ക്രീൻ മാർക്കിങ് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. മൂല്യനിർണയ രീതികൾ, അപ്ലോഡ് ചെയ്യുന്ന വിധം, ഉത്തരക്കടലാസുകൾ കൈമാറ്റം ചെയ്യുന്നതുൾപ്പെടെ മാതൃകാവതരണം നടത്തി പി.എസ്.സി അധികൃതർ ക്രൈംബ്രാഞ്ച് സംഘത്തിന് വിശദീകരിച്ചു.
അതിനിടെ, പരീക്ഷാക്രമക്കേട് സംബന്ധിച്ച് എസ്.ഐ.ടി ആവശ്യപ്പെട്ടത് പ്രകാരം പി.എസ്.സി കൈമാറിയ രേഖകളുടെ പരിശോധന തുടരുകയാണ്. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയെന്ന നിലപാടിലാണ് പി.എസ്.സി. മറ്റെന്തെങ്കിലും രേഖകൾ ആവശ്യമെങ്കിൽ അത് അന്വേഷണസംഘം സ്വന്തം നിലക്ക് നേടണമെന്ന നിലപാടിലാണ് പി.എസ്.സി. സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാനാണ് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗ തീരുമാനം. എന്നാൽ, പി.എസ്.സിയുടെ വിശ്വാസ്യതയേയും രഹസ്യാത്മകതയേയും ബാധിക്കുന്ന കാര്യങ്ങൾ കൈമാറേണ്ടെന്ന പൊതുവിലയിരുത്തലുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പർ തയാറാക്കിയവരുടെയും മൂല്യനിർണയം നടത്തിയവരുടെയും വിശദാംശങ്ങൾ നൽകേണ്ടെന്ന തീരുമാനത്തിൽ പി.എസ്.സി ഉറച്ചുനിൽക്കുന്നതെന്നാണ് വിവരം. അതിനിടെ മൂന്ന് വകുപ്പുകളുമായി ബന്ധപ്പെട്ട നിയമനവിവാദങ്ങളാണ് ഐ.ജി. അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘം അന്വേഷിക്കുന്നത്. എന്നാൽ അതിന് പുറമെ പത്തിലധികം വകുപ്പുകളിലെ നിയമനവുമായി ബന്ധപ്പെട്ട പരാതികളും ക്രൈംബ്രാഞ്ചിന് മുന്നിലുണ്ട്.
ചോദ്യപേപ്പർ മാറിയ സംഭവം: പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും
തിരുവനന്തപുരം: നിയമന, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങൾ നേരിടുന്നതിനിടെ ചോദ്യപേപ്പർ മാറി നൽകി പരീക്ഷ റദ്ദാക്കേണ്ടിവന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പി.എസ്.സി ആഭ്യന്തര വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗമാണ് തീരുമാനമെടുത്തത്.
ഈമാസം 18 ന് നടത്താനിരുന്ന വിവിധ കമ്പനി/ബോർഡ് /കോർപറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളിലേക്കുളള സംസ്ഥാനതല രണ്ടാം ഘട്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ സ്കൂളിൽ കവർ മാറി പൊട്ടിച്ചത്. തുടർന്ന് സംസ്ഥാന വ്യാപകമായി പരീക്ഷ റദ്ദാക്കി. ഈ സംഭവത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറെ പി.എസ്.സി ചുമതലപ്പെടുത്തിയത്.
പി.എസ്.സിയുടെ പാളിച്ച ഒരിക്കൽ കൂടി വ്യക്തമാക്കിയതായിരുന്നു ഈ സംഭവം. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവ് മനസ്സിലാക്കി പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഇത് ദൂരെ പ്രദേശങ്ങളിൽ നിന്നെത്തിയ നിരവധി ഉദ്യോഗാർഥികളെയാണ് വലച്ചത്. രാവിലത്തെ പരീക്ഷ കഴിഞ്ഞ ശേഷമാണ് ചോദ്യപേപ്പർ മാറിയെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. ഇതോടെയാണ് സംസ്ഥാനത്തുടനീളം ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷ റദ്ദാക്കിയത്.
കമ്പനി/കോര്പറേഷന്/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കെ.ടി.ഡി.സിയില്‍ സ്റ്റോര്‍ മാന്‍, ബിവറേജസ് കോര്‍പറേഷനില്‍ എൽ.ഡി. ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള ടെന്ത് ലെവല്‍ കോമണ്‍ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നല്‍കിയത്. അതിനിടെ ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ ചില ഉദ്യോഗസ്ഥർക്കെതിരെ പി.എസ്.സി നടപടി സ്വീകരിക്കുമെന്ന വിവരവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

