എക്സാലോജിക് കേസ്: വീണയെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും
text_fieldsകൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യ മുനയിൽ നിന്നത് ഒരു പകൽ മുഴുവൻ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യൽ എട്ടര മണിക്കൂർ നീണ്ടു.
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാനുള്ള ചോദ്യം ചെയ്യലിന് ഡൽഹിയിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ വലിയ മുന്നൊരുക്കം നടത്തിയിരുന്നു. ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പം ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീണ ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരായത്. റിയാസ് പിന്നീട് തിരിച്ചുപോയി.
ചോദ്യം ചെയ്യലിനുശേഷം രാത്രി 7.50ഓടെയാണ് വീണ മടങ്ങിയത്. വീണ ഹാജരാകുന്നത് കണക്കിലെടുത്ത് പനമ്പിള്ളി നഗറിലെ ഇ.ഡി ഓഫിസ് പരിസരത്ത് കേന്ദ്ര സേനയും കേരള പൊലീസും ചേർന്ന് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുമ്പില്ലാത്തവിധം സുരക്ഷ ശക്തമാക്കിയത്. രാവിലെ മുതൽ മാധ്യമപ്രവർത്തകരുടെ വൻ പട ഇ.ഡി ഓഫിസിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ, രാവിലെ അകത്തേക്ക് കയറുമ്പോഴോ മടങ്ങുമ്പോഴോ വീണയുടെ പ്രതികരണമെടുക്കാൻ മാധ്യമങ്ങൾക്ക് സാധിച്ചില്ല.
സ്വകാര്യ കരിമണൽ കമ്പനിയായ കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന് വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊലൂഷൻസ് എന്ന സ്ഥാപനം സേവനമൊന്നും നൽകാതെ 2.78 കോടി കൈപറ്റിയെന്നും സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സിൽനിന്ന് 50ലക്ഷം രൂപ വായ്പ നേടിയെന്നും ഇത് കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നുമാണ് ഇ.ഡി കേസ്.
ഈ മാസം 12ന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണക്ക് ആദ്യം ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ടതിനാൽ രേഖകൾ സഹിതം ബുധനാഴ്ച ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. എസ്.എഫ്.ഐ.ഒ ശേഖരിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

