Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്തർ ഷർട്ട് അഴിച്ചുവെച്ച് തൊഴാൻ കയറു​​മ്പോൾ മൊബൈൽ ഫോണുകൾ മോഷ്ടിക്കും; മുൻ പൊലീസുകാരൻ അറസ്റ്റിൽ

text_fields
bookmark_border
ex policeman
cancel

തളിപ്പറമ്പ്: കണ്ണൂരിൽ ക്ഷേത്രത്തിൽ തൊഴാൻ കയറുന്നവർ പുറത്തുവെച്ച മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ മുൻ പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വി.എം. വിപിൻകുമാറിനെയാണ് (39) അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളിലടക്കം ഉൾപ്പെട്ടതിനാൽ ഇയാളെ പൊലീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു മോഷണം. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാനെത്തിയ ജ്യോത്സ്യന്റെ വിലപിടിപ്പുള്ള സ്മാർട്ട് ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പയ്യന്നൂർ ക്ഷേത്രത്തിലെ കവർച്ചയിലും പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്രത്തിൽ കയറാൻ ഭക്തർ പുറത്ത് അഴിച്ചുവെക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചിരുന്നത്.

വ്യാഴാഴ്ച രാവിലെ പത്തരക്കും പതിനൊന്നിനും ഇടയിലായിരുന്നു രാജരാജേശ്വര ക്ഷേത്ര ശ്രീകോവിലിന് സമീപത്തെ ക്ലോക്ക് റൂം ഭാഗത്ത് വെച്ച് മോഷണം നടന്നത്. കാസർകോട് ചിറ്റാരിക്കൽ തവളക്കുണ്ട് സ്വദേശിയായ ജ്യോത്സ്യൻ സജിൻ മോഹന്റെ 27000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് മോഷണം പോയത്.

ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട വിവരം സജിൻ അറിഞ്ഞത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളുടെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകി. ക്ഷേത്രപരിസരത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതോടെ സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്ന മുൻ പൊലീസുകാരനായ വിപിൻകുമാറിനെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യാഴാഴ്ച രാത്രി എട്ടോടെ പയ്യന്നൂരിൽ വെച്ച് ഇയാളെ പൊലീസ് വളഞ്ഞുപിടികൂടുകയായിരുന്നു. കവർന്ന ഫോണുകളും കണ്ടെത്തി.

തൃച്ചംബരം ക്ഷേത്രനടയിലെ തുറന്നഭണ്ഡാരത്തിൽനിന്നു പണം എടുക്കുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. 2010ൽ ആണ് വിപിൻകുമാർ പൊലീസിൽ കയറിയത്. കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുകയും ആരോപണങ്ങളിലും കേസുകളിലും പെടുകയും ചെയ്തതിനാൽ സർവീസിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. നടപടി നേരിടുമ്പോൾ കാസർകോട് റെയിൽവേ വിഭാഗത്തിലായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡി.വൈ.എസ്.പി ടി.പി. സുമേഷ്, ഇൻസ്പെക്ടർ ശ്രീഹരി, എസ്.ഐ പി.ജി. സാംസൺ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. എസ്ഐ പി.ജി. സാംസണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ex Policeman Caught Stealing Phones at Taliparamba Temple
Next Story