കെ.ടി. ജലീൽ സി.പി.എമ്മിലേക്ക്; അംഗത്വമെടുക്കാൻ ജില്ല നേതൃത്വത്തെ അറിയിച്ചു
text_fieldsമലപ്പുറം: ഇടത് സ്വതന്ത്രനായി നാലുതവണ നിയമസഭയിലെത്തിയ മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.എം അംഗത്വത്തിലേക്ക്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, അംഗത്വമെടുക്കാനുള്ള ഔദ്യോഗിക സന്നദ്ധത അദ്ദേഹം ജില്ല നേതൃത്വത്തെ അറിയിച്ചു.
മുൻകാലങ്ങളിൽ മുസ്‍ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജലീൽ, നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ് പാർട്ടി വിട്ടത്. തൊട്ടുപിന്നാലെ 2006ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ, ലീഗ് അതികായൻ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജലീൽ 8781 വോട്ടിന്റെ അട്ടിമറി വിജയം നേടി രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു.
കുറ്റിപ്പുറം മണ്ഡലം പുനർനിർണയത്തെത്തുടർന്ന് ഇല്ലാതായതോടെ തവനൂരിലേക്ക് മാറിയ ജലീൽ, 2011, 2016, 2021 വർഷങ്ങളിൽ തുടർച്ചയായി നിയമസഭയിലെത്തി. ഒന്നാം പിണറായി സർക്കാറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി വന്നതോടെ സർക്കാറിന്റെ കാലാവധി തീരാറായ ഘട്ടത്തിൽ അദ്ദേഹം രാജിവെച്ചിരുന്നു.
പിന്നീട് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയോട് പരാജയപ്പെട്ടതോടെ ജലീലിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് തടയിടപ്പെട്ടു. നേരത്തെ മലപ്പുറം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും ജില്ല കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ ചരിത്ര അധ്യാപകനായിരുന്ന ജലീൽ, കാലിക്കറ്റ് സർവകലാശാലയിൽനിന്ന് എം.ഫിലും കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

