ഇ.ഡി റെയ്ഡ്: പരിശോധന 5.15 മണിക്കൂർ, ഒന്നും ലഭിക്കാതെ കൂവൽ കേട്ട് മടക്കം
text_fieldsകണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയത് 5.15 മണിക്കൂർ നീണ്ട പരിശോധന. ബുധനാഴ്ച രാവിലെ 7.50ഓടെയാണ് ഇ.ഡി അസി. ഡയറക്ടർ പ്രശാന്ത് സൗഭരിയുടെ നേതൃത്വത്തിലുള്ള സംഘം പിണറായിയിലെ വീട്ടിലെത്തിയത്.
അസി. എൻഫോഴ്സ്മെൻറ് ഓഫിസർമാരായ ചിരാഗ് യാദവ്, തരുൺകുമാർ ബച്ചർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സാക്ഷികളായി സ്റ്റേറ്റ് ബാങ്ക് കോഴിക്കോട് ജവഹർ നഗർ കോളനി ബ്രാഞ്ച് മാനേജർ സി. ഷീബ, ബാങ്കിന്റെ കോഴിക്കോട് അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് അസി. മാനേജർ അഭിഷേക് നിംബാദ്കർ എന്നിവരടക്കം ആറുപേരാണ് പരിശോധനക്കുണ്ടായിരുന്നത്. രണ്ടു വനിതകളടക്കം ആറ് സി.ആർ.പി.എഫ് അംഗങ്ങളും ഇ.ഡിക്കൊപ്പമെത്തിയിരുന്നു. ഈസമയം പിണറായി വിജയന്റെ അടുത്ത ബന്ധുക്കളാരും ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് പിണറായി സി.പി.എം ലോക്കൽ സെക്രട്ടറി സി. നന്ദനൻ, കെയർ ടേക്കർ നാണു, എം. ഷാജി എന്നിവരുടെ സഹായത്തോടെയാണ് വീട് തുറന്ന് ഇ.ഡി സംഘം അകത്തുകയറിയത്. 8.30ന് പരിശോധന ആരംഭിച്ചു.
പരിശോധനക്കിടെ നാണുവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഉച്ച 1.50ഓടെയാണ് പരിശോധന അവസാനിപ്പിച്ചത്. തുടർന്ന് കുറ്റകരമായ ഒരുരേഖയോ ഉപകരണങ്ങളോ കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ സി.പി.എം നേതാക്കൾക്ക് എഴുതി നൽകുകയായിരുന്നു. ബാഗുകളും പ്രിൻററുമുൾപ്പെടെ കൊണ്ടുവന്ന സാധനങ്ങൾ പൊലീസ് സഹായത്തോടെ പുറത്തെത്തിച്ചു. രണ്ടരയോടെയാണ് സംഘം മടങ്ങിയത്. വിവരമറിഞ്ഞ് വീടിനു പുറത്ത് സി.പി.എം പ്രവർത്തകരുടെ വലിയകൂട്ടം തന്നെ എത്തിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിയും കൂക്കിവിളികളുമായി അവർ നിലയുറപ്പിച്ചതോടെ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവലൊരുക്കി.
പിണറായിയിൽ കനത്ത പ്രതിഷേധം
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീട്ടില്‍ ഇ.ഡി റെയ്ഡ് തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകരെത്തി. വിവിധ ഭാഗങ്ങളിൽനിന്നായി പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ ഗേറ്റിന് മുന്നില്‍നിന്ന് ഇ.ഡിക്കെതിരെ അതിശക്തമായ മുദ്രാവാക്യം മുഴക്കി. ‘ഇറങ്ങിവാടാ തെമ്മാടികളേ, തെമ്മാടിത്തം കാണിച്ചെന്നാല്‍ അടിച്ച് ഞങ്ങള്‍ മുട്ടുമുറിക്കും, ഇ.ഡി ഗോ ബാക്ക്, ആരാടാ ഈ ഇ.ഡി’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്. പ്രതിഷേധം നടക്കുന്നതിനിടയില്‍ ആദ്യം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും പിറകെ ജില്ല സെക്രട്ടറി കെ.കെ. രാഗേഷും സ്ഥലത്തെത്തി.
എം.വി. ജയരാജൻ, വി.കെ. സനോജ് എം.എല്‍.എ, വി. ശിവദാസൻ എം.പി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് ഉൾപ്പെടെയുള്ളവരും പിന്നീട് സ്ഥലത്തെത്തി. പരിശോധന അവസാനിച്ചശേഷം വീടിന് മുന്നിൽ തമ്പടിച്ച സ്ത്രീകളടക്കമുള്ള പ്രവർത്തകർ നേതാക്കളുടെ ആഹ്വാനപ്രകാരം ഓലയമ്പലത്തേക്ക് പ്രകടനം നടത്തി. വി.ഡി-മോദി കൂട്ടുകെട്ടാണ് പരിശോധനക്ക് പിന്നിലെന്ന് ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
പരിശോധനക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. മൈക്ക് കെട്ടിയ ജീപ്പിൽ അനൗൺസ്മെൻറിലൂടെ നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവും കൂകിവിളിയും രൂക്ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

