അങ്ങനെ രാവിലെ തുടങ്ങിയ റെയ്ഡ് നാടകം അവസാനിച്ചിരിക്കുന്നുവെന്ന് ഷിബു മീരാൻ; ‘എന്തെങ്കിലും തെളിവുകൾ കിട്ടുമെന്ന് കരുതിയാണ് ഇ.ഡി വന്നതെങ്കിൽ ആ ഏജൻസിയെ കുറിച്ച് ഒന്നും പറയാനില്ല’
text_fields1. റെയ്ഡ് കഴിഞ്ഞ് മടങ്ങുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തടയുന്ന പ്രവർത്തകർ, 2-പിണറായി വിജയന്റെ വീടിന് മുന്നിൽ സി.പി.എം പ്രവർത്തകർ കുത്തിയിരിക്കുന്നു, 3- ഷിബു മീരാൻ
കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിലുൾപ്പെടെ ഇ.ഡി നടത്തിയ റെയ്ഡിനെ പരിഹസരിച്ച് കൊണ്ട് യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ രംഗത്ത്. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് തന്റെ വിമർശനം പങ്കുവെച്ചത്. അങ്ങനെ രാവിലെ തുടങ്ങിയ റെയ്ഡ് നാടകം അവസാനിച്ചിരിക്കുന്നുവെന്ന് ഷിബു മീരാൻ. ഒന്നും കിട്ടിയില്ല എന്നെഴുതി കിട്ടി എന്ന് പി. ജയരാജൻ പറയുന്നുണ്ട്. ഇത്രയും നാൾ കഴിഞ്ഞ ശേഷം ഈ വീടുകളിൽ നിന്നൊക്കെ എന്തെങ്കിലും തെളിവുകൾ കിട്ടുമെന്ന് കരുതിയാണ് ഇ.ഡി വന്നതെങ്കിൽ ആ ഏജൻസിയെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ഷിബു മീരാൻ എഴുതുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
അങ്ങനെ രാവിലെ തുടങ്ങിയ റെയ്ഡ് നാടകം അവസാനിച്ചിരിക്കുന്നു... ഒന്നും കിട്ടിയില്ല എന്നെഴുതി കിട്ടി എന്ന് പി ജയരാജൻ പറയുന്നുണ്ട് …ഇത്രയും നാൾ കഴിഞ്ഞ ശേഷം ഈ വീടുകളിൽ നിന്നൊക്കെ എന്തെങ്കിലും തെളിവുകൾ കിട്ടുമെന്ന് കരുതിയാണ് ഇ ഡി വന്നതെങ്കിൽ ആ ഏജൻസിയെ കുറിച്ച് ഒന്നും പറയാനില്ല… നാടകാന്തം, കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങളിലൂടെ എയറിലായിരുന്ന സഖാവ് പിണറായി വിജയൻ മുദ്രാവാക്യങ്ങൾക്ക് നടുവിലേക്ക് മുഷ്ടി ചുരുട്ടി സുരക്ഷിതനായി ലാൻഡ് ചെയ്തിരിക്കുന്നു.. വീണ്ടും അയാൾ സി പി എം ക്കാരുടെ വീര നായകൻ ആയി മാറിയിരിക്കുന്നു…
പുറത്ത് വന്ന പിണറായി മോദി എന്നൊരു വാക്ക് മിണ്ടിയില്ല … രാഹുൽ ഗാന്ധിക്ക് നേരെയാണു അപ്പോഴും തിരിയുന്നത്…മോദിയോടുള്ള വിധേയത്വം അപ്പോഴും കയ്യൊഴിയുന്നില്ല ധീര സഖാവ്… ആകാശത്തിന് താഴെ എന്തും കോൺഗ്രസിലേക്കും രാഹുൽ ഗാന്ധിയിലേക്കും കൂട്ടി കെട്ടിയാലേ സി പി എം എന്ന പാർട്ടിയിലെ ചാവേറുകൾ തെരുവിലിറങ്ങൂ എന്നറിയുന്നവരാണ് നേതാക്കൾ... ഈ കേസ് കുത്തിപ്പൊക്കിയത് യു ഡി എഫോ മാധ്യമങ്ങളോ അല്ല.. ഒരു ഇൻകം ടാക്സ് പരിശോധനയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന കേസാണിത്... തെളിവിൻ്റെ തരിമ്പു പോലുമില്ലാതെ പ്രതിപക്ഷ നേതാക്കളെ, മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വരെ, അവരുടെ കുടുംബാംഗങ്ങളെ പോലും അറസ്റ്റ് ചെയ്ത് ജയിലിലടച്ച പാരമ്പര്യമുള്ള ഇ ഡി അടക്കമുള്ള ഏജൻസികൾ പിണറായിയോട് കാണിച്ച കരുതലിൻ്റെ കാരണമാണ് യു ഡി എഫി ന് ആകെ അറിയേണ്ടിയിരുന്നത്... പിണറായിയെ കുരുക്കാനാണോ അതല്ല രക്ഷപ്പെടുത്താനാണോ ഇ ഡി യുടെ തിടുക്കപ്പെട്ടുള്ള ഈ വരവ് എന്ന് ഇനിയും കാത്തിരുന്നു കാണേണ്ടതാണ്... എണ്ണമറ്റ അന്വേഷണ ഏജൻസികൾ വട്ടമിട്ട് പറന്ന ഒന്നാം പിണറായി കാലത്തെ സ്വർണക്കടത്ത് കേസിൻ്റെ പരിണാമം ഓർത്താൽ ഈ സംശയം അസ്ഥാനത്തല്ല എന്ന് മനസിലാകും..
അയ്യോ നിങ്ങൾ ഇ ഡി യെ പിന്തുണക്കുന്നോ എന്നൊന്നും ചോദിച്ചു കളയരുത്.. കെ എം ഷാജിക്കെതിരായ കേസ് ഇ ഡി യെ ഇങ്ങോട്ട് വിളിച്ച് ഏൽപിച്ച് കൊടുത്തിട്ട് ഷാജിയുടെ ചോര കുടിക്കാൻ കാത്തിരുന്നവരാ നിങ്ങൾ...ആ ഇ ഡി നിങ്ങൾക്ക് നല്ലത്, പിണറായിയുടെ വീട്ടിൽ വന്ന ഇ ഡി മോശം അങ്ങനെയൊന്നില്ല സഖാക്കളേ... പണ്ടൊക്കെ കൊടുത്തത് മടക്കി കിട്ടാൻ കൊല്ലത്തു പോകണം…ഇപ്പോൾ തിരുവനന്തപുരത്തിരുന്ന് കൊടുത്താൽ അവിടെ തന്നെ മടക്കി കിട്ടും എന്ന് മനസിലാക്കുക ... പ്രവർത്തകരെയും പ്രസ്ഥാനത്തെയും പരിചയാക്കാതെ നിയമവഴിയിൽ പൊരുതി സത്യസന്ധത തെളിയിച്ച് അഗ്നിശുദ്ധിയോടെ മടങ്ങിയെത്തിയാണ് ആ കണക്ക് കെ എം ഷാജി വീട്ടിയത്.. ഇവിടെയും വേണ്ടത് അതാണ്.. അതു മാത്രമേ മാർഗമുള്ളു... വീട്ടിൽ വന്ന് ചോദിച്ചതിന് കൃത്യമായി ഉത്തരം പറയുക..
കണക്ക് ബോധിപ്പിക്കുക...നിയമപരമായി നേരിടുക.... സർവ്വോപരി... പാവപ്പെട്ട എസ് എഫ് ഐ ,ഡി വൈ എഫ് ഐ ,സി പി എം പ്രവർത്തകരെ ചാവേറുകളെ പോലെ തെരുവിലിറക്കി വഴിയാധാരമാക്കാതിരിക്കുക... ഇനി സി പി എം സഖാക്കളോട്... മടിയിൽ കനമില്ലെങ്കിൽ പിണറായി ഭയക്കാതിരിക്കട്ടെ... ഉപ്പു തിന്നെങ്കിൽ മാത്രം മൂപ്പര് വെള്ളം കുടിക്കട്ടെ... വീട്ടിൽ പോയി ചോദിച്ച ചോദ്യങ്ങൾക്ക് വീട്ടുകാർ മറുപടി പറയട്ടെന്നേ... നിങ്ങൾ പിരിഞ്ഞു പോവുക....
നിങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണ്...
അതിൻ്റെ പേര് സി പി എം എന്നാണ്...
അല്ലാതെ പിണറായി സേന എന്നല്ല...
അഡ്വ: ഷിബു മീരാൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

