പിരിച്ചുവിട്ട വൈരാഗ്യത്തിന് തൃശൂരിലെ ഓയിൽ കമ്പനിക്ക് തീയിട്ട് മുൻ ജീവനക്കാരൻ; കോടികളുടെ നഷ്ടം
text_fieldsതൃശൂർ: മുണ്ടൂർ വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ ഓയിൽ കമ്പനിക്ക് മുൻ ജീവനക്കാരൻ തീയിട്ടു. ഗൾഫ് പെട്രോ കെമിക്കൽസ് എന്ന കമ്പനിയാണ് പിരിച്ചുവിട്ട വൈരാഗ്യത്തിന് തീവെച്ചത്. പ്രതി ടിറ്റോ തോമസ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അഗ്നിബാധയിൽ സ്ഥാപനം പൂർണമായി കത്തിനശിച്ച് കോടികളുടെ നഷ്ടമുണ്ടായതായാണ് വിവരം.
പ്രദേശത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തീയിട്ടത്. അഗ്നിശമനാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. പൊലീസും സ്ഥലത്തെത്തി. തീയിട്ടതിനു പിന്നാലെ ടിറ്റോ, സ്ഥാപന ഉടമ സ്റ്റീഫനെ ഫോൺ വിളിച്ച് വിവരമറിയിച്ചു. ഇതിനു ശേഷമാണ് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
നേരത്തെ ഓയിൽ കമ്പനിയിലെ ഡ്രൈവറായിരുന്നു ടിറ്റോ. ഒന്നരമാസം മുമ്പ്, സ്ഥാപനത്തിലെ ഓയിൽ ക്യാനുകളുടെ എണ്ണം തിട്ടപ്പെടുത്താൻ നിർദേശിച്ചതിനേ തുടർന്ന് ടിറ്റോ സ്റ്റീഫനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇയാളെ പിരിച്ചുവിടുകയായിരുന്നു. പിന്നീട് സാമ്പത്തിക സ്ഥിതി പരിഗണിച്ച് മാർച്ച് ആദ്യം തിരികെ കയറിക്കോളാൻ നിർദേശിച്ചതിനിടെയാണ് തീയിട്ടത്.
രാത്രി സിനിമ തിയേറ്ററിൽ സെക്കൻഡ്ഷോ കണ്ട ശേഷം കമ്പനിയിലെത്തി ഓയിൽ ക്യാൻ കുത്തിപ്പൊട്ടിച്ച് തീയിടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

