ക്യു.ആര് കോഡ് മാറ്റി 14 ലക്ഷം തട്ടിയ മുൻജീവനക്കാരന് അറസ്റ്റില്‍
text_fieldsഅടൂര്‍: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ബാങ്ക് ക്യു.ആര് കോഡ് മാറ്റി സ്വന്തം കോഡ് സ്ഥാപിച്ച് 14 ലക്ഷം രൂപ തട്ടിയ ജീവനക്കാരനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മാമ്പാറ പുത്തന്‍പറമ്പില്‍ മിനു പി. വിശ്വനാഥന് അടൂര്‍ ജോസി പ്ലാസയിൽ നടത്തുന്ന ജോക്കി ഇ.ബി.ഒ സ്ഥാപനത്തിലെ സ്റ്റോര്‍ മാനേജറായിരുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയില്‍ ജിന്‍സ് പ്രകാശാണ് (40) പിടിയിലായത്.
2022 ഒക്ടോബര്‍ മുതല്‍ സ്റ്റോക്കില്‍ തിരിമറി നടത്തി 7,45,113 രൂപയും സ്ഥാപന ഉടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യു.ആര് കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യു.ആര് കോഡ് സ്ഥാപിച്ച് 6,51,130 രൂപയും ഉള്‍പ്പെടെ ആകെ 13,96,243 രൂപയാണ് തട്ടിയെടുത്തത്.
ആഗസ്റ്റ് 14നാണ് സ്ഥാപന ഉടമ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിലെ സ്റ്റോക്ക് വിവരങ്ങളും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും വിശദമായി പരിശോധിച്ചാണ് തെളിവുകൾ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ ബാറില്‍ ജോലി ചെയ്തിരുന്ന ജിൻസിനെ മൊബൈല്‍ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ, ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ്.ഐമാരായ ബാലസുബ്രഹ്മണ്യന്, രഘുനാഥന്, സുരേഷ് കുമാര്‍, എസ്.സി.പി ശ്യാം എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

