മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ടി.കെ. പളനി അന്തരിച്ചു
text_fieldsമാരാരിക്കുളം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കഞ്ഞിക്കുഴി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തോപ്പില്‍ ടി.കെ. പളനി (85) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 7.30ഒാടെയായിരുന്നു അന്ത്യം. പുന്നപ്ര-വയലാര്‍-മാരാരിക്കുളം സമരത്തിലെ രക്തസാക്ഷി തോപ്പില്‍ കുമാരെൻറ സഹോദരനാണ്. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്ന പളനി കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് സി.പി.എം നേതാവായത്.
സി.പി.എം ആലപ്പുഴ ജില്ല സെക്രേട്ടറിയറ്റ് അംഗം, മാരാരിക്കുളം ഏരിയ സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, മുഹമ്മ കയര്‍ തൊഴിലാളി ഫാക്ടറി വര്‍ക്കേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, ആലപ്പുഴ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, ചാരമംഗലം പ്രോഗ്രസീവ് ഗ്രന്ഥശാല പ്രസിഡൻറ്, പ്രോഗ്രസീവ് ക്ലബ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദെൻറ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ പളനി പത്ത് വര്‍ഷത്തിനുശേഷം മടങ്ങിവന്ന് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗമായി. ഏരിയ സേമ്മളനത്തില്‍ മത്സരം നടന്ന് ഔദ്യോഗിക പാനല്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വം വിഭാഗീയത ആരോപിച്ച് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. മത്സരം ജനാധിപത്യപരമാണെന്നുപറഞ്ഞ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിക്കുന്നതില്‍ പളനി മുന്നില്‍നിന്നു. പിന്നീട് സി.പി.എമ്മുമായി അകന്നു. സി.പി.എം അവഗണിക്കുകയാണെന്നും കമ്യൂണിസ്റ്റുകാരനായി മരിക്കണമെന്നും മാതൃസംഘടനയിലേക്ക് മടങ്ങുകയാണെന്നും പ്രഖ്യാപിച്ച് അടുത്തിടെ സി.പി.ഐയിലും ചേര്‍ന്നു.
ഭാര്യ: സുകുമാരിയമ്മ (റിട്ട. അധ്യാപിക). മക്കള്‍: പി. അജിത്ത് ലാല്‍ (റിട്ട. അധ്യാപകന്, മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ്, ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ്), ടി.പി. പ്രഭാഷ് ലാല്‍ (സബ് ജഡ്ജി, ഫോര്‍ട്ട്കൊച്ചി), പി. ജയലാല്‍ (പ്രിന്‍സിപ്പൽ, വീയപുരം എച്ച്.എസ്.എസ്), ബിന്ദു (എസ്.എന്‍ ട്രസ്റ്റ് സ്കൂള്‍, ചെങ്ങന്നൂര്‍).മരുമക്കള്‍: ജോളി, സിബി, ഇന്ദു, മോഹന്‍ദാസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
