അച്ചടക്ക നടപടിക്ക് വിധേയരായ പൊലീസുകാരെ കുറ്റമുക്തരാക്കിയ മുൻ എ.ഡി.ജി.പിയുടെ ഉത്തരവുകൾ പുനഃപരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയരായ പൊലീസുകാരെ കുറ്റമുക്തരാക്കിയ ക്രമസമാധാന ചുമതലയുള്ള മുൻ എ.ഡി.ജി.പിയുടെ ഉത്തരവുകൾ പുനഃപരിശോധിക്കുന്നു.ഗുരുതര കുറ്റകൃത്യത്തിന് പിരിച്ചുവിട്ട ഇൻസ്പെക്ടറെയും ബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടറെയും കുറ്റമുക്തരാക്കിയ വിജയ് സാക്കറെയുടെ റിപ്പോർട്ടുകൾ ചട്ടവിരുദ്ധമാണെന്നാണ് നിലവിലെ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ട്.
അതിന്റെയടിസ്ഥാനത്തിലാണ് ഡി.ജി.പി അനിൽകാന്ത് വീണ്ടും പരിശോധിക്കുന്നത്. ക്രിമിനൽ കേസിൽ പ്രതികളായ 59 ഉദ്യോഗസ്ഥരുടെ പട്ടിക പിരിച്ചുവിടാനായി തയാറാക്കിയിരുന്നു. തുടർനടപടി പരിശോധിച്ചപ്പോഴാണ് പിരിച്ചുവിടൽ ഉൾപ്പെടെ കർശന നടപടികൾക്ക് വിധേയമാക്കേണ്ട പല ഉദ്യോഗസ്ഥരെയും കുറ്റമുക്തരാക്കിയതായി കണ്ടെത്തിയത്.
കൊലപാതകശ്രമം, ബലാത്സംഗം, സ്ത്രീകളോട് മോശമായി പെരുമാറൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികൾ മുൻ എ.ഡി.ജി.പി വിജയ് സാക്കറെ ലഘൂകരിച്ചതായാണ് കണ്ടെത്തൽ. അദ്ദേഹം ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുമാണ്. പല ഉദ്യോഗസ്ഥരും എ.ഡി.ജി.പിയുടെ ഈ നടപടിയിലൂടെ രക്ഷപെട്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വധിക്കാൻ ശ്രമിച്ച കേസും വിജിലൻസ് കേസുമടക്കം 14 കേസുകളിൽ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കരൻ. ഇരയെ വാഹനമിടിച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ ശിവശങ്കരനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇയാളെ സർവിസിൽ നിന്ന് വിരിച്ചുവിടുന്നതിനുമുമ്പായുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഹൈകോടതി നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ 18 കേസുകളാണ് തൊടുപുഴ ഇൻസ്പെക്ടറായ ശ്രീമോനെതിരെ തെളിഞ്ഞത്. ഉത്തരമേഖല ഐ.ജി പിരിച്ചുവിട്ട ശ്രീമോനെ വിജയ് സാക്കറെ തിരിച്ചെടുത്ത് ഉത്തരവിടുകയായിരുന്നു.നിരവധി കേസുകളിൽ പ്രതിയായിരുന്ന കൊച്ചിയിലെ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് ബാബുവിനെ മുൻ കമീഷണർ സി.എച്ച്. നാഗരാജു പിരിച്ചുവിട്ടിരുന്നു. ഗിരീഷ് നൽകിയ അപ്പീൽ പരിഗണിച്ച് ഇയാളെയും തിരിച്ചെടുത്തു. സർവിസിൽ കയറി ദിവസങ്ങൾക്കുള്ളിൽ ഗിരീഷ് ബാബു വീണ്ടും ക്രിമിനൽ കേസിൽ അറസ്റ്റിലായി. ഗിരീഷ് ബാബുവിനെ ഇപ്പോൾ വീണ്ടും പിരിച്ചുവിട്ടിരുന്നു. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

