പൊലീസ് വാഹനത്തിൽനിന്ന് പ്രതിയെ പുറത്തിറക്കിയില്ല; നെടുമ്പാശ്ശേരി അപകടത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി
text_fieldsനെടുമ്പാശ്ശേരി വാഹനാപകടത്തിൽ കാർ ഓടിച്ച ഒന്നാം പ്രതി സുഹൈൽ സജീവിനെ അപകടം നടന്ന അത്താണിയിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ
അത്താണി: നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മുഖ്യപ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒന്നാം പ്രതി സുഹൈൽ സജീവിനെ വ്യാഴാഴ്ച രാവിലെ 9.25ഓടെ അന്വേഷണ ഉദ്യോഗസ്ഥൻ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷ സന്നാഹത്തോടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പ്രേരണ കുറ്റത്തിന് അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിലും തെളിവെടുപ്പിന് അപകടസ്ഥലത്തേക്ക് കൊണ്ടുവന്നില്ല. അപകടം നടന്ന ഞായറാഴ്ച പ്രതി സുഹൈലിനെ അങ്കമാലി താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പ്രകോപിതരായ ജനങ്ങൾ മർദിച്ചിരുന്നു.
രണ്ടാം പ്രതി നിനവും അത്താണിയിൽ കൈയേറ്റത്തിനിരയായി. ഈ സാഹചര്യത്തിൽ സുഹൈലിനും കൂട്ടാളികൾക്കും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
അത്താണിയിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് വ്യാഴാഴ്ച രാവിലെ മാധ്യമപ്രവർത്തകരടക്കം വൻ ജനക്കൂട്ടമാണ് സംഭവ സ്ഥലത്തെത്തിയത്. അതിനാൽ പൊലീസ് വാഹനത്തിൽനിന്ന് പ്രതിയെ പുറത്തിറക്കാതെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
അപകടസ്ഥലവും അപകടത്തിൽപ്പെട്ട വാഹനങ്ങൾ വന്ന ദിശയും സ്കൂട്ടർ തെറിച്ചുവീണ സ്ഥലവും സംഭവ സമയത്ത് കാറിന്റെ വേഗതയുമെല്ലാം പ്രതി വിശദമായി അന്വേഷണ സംഘം മുമ്പാകെ വിവരിച്ചു. സമീപത്ത് താമസിക്കുന്ന ഈരാളി ജോജിൻ, കണിയത്ത് വർഗീസ് എന്നിവർ ദൃക്സാക്ഷികളായതിന്റെ മൊഴികളും പൊലീസ് രേഖപ്പെടുത്തി.
അത്താണിയിൽ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തിയ ശേഷം 10.35ഓടെ നെടുമ്പാശ്ശേരിയിലെ ഹോട്ടൽ മാരിയറ്റിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയുമായി മടങ്ങി.
ഉച്ചക്കുശേഷം കടവന്ത്ര ദയ ബാറിലും പാലാരിവട്ടം മൺസൂൺ എംപ്രസിലും എത്തിച്ച് തെളിവെടുത്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം നാല് പ്രതികളെയും വൈകുന്നേരത്തോടെ അങ്കമാലി കോടതിയിൽ ഹാജരാക്കി വീണ്ടും കാക്കനാട് സീപോർട്ട് -എയർപോർട്ട് റോഡിന് സമീപമുള്ള തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

