രാഹുലിനെതിരെ തെളിവുകൾ ശരവർഷം പോലെ; എം.എൽ.എ സ്ഥാനം രാജിവെക്കണം -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: യുവനടിക്ക് അശ്ലീല സന്ദേശമയച്ച് വിവാദത്തിൽ കുരുങ്ങിയ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം ഒഴിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ ഒരു എം.എൽ.എയും നേരിടാത്ത തെളിവുകളോടെയുള്ള ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയരുന്നതെന്നും, അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ചൊഴിയണമെന്നാണ് കേരളത്തിന്റെ പൊതു വികാരമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
‘ശരവർഷം പോലെയാണ് രാഹുലിനെതിരെ ആരോപണങ്ങളും തെളിവുകളും വരുന്നത്. കേരളത്തിൽ ഒരു എം.എൽ.എക്കെതിരെ ഇത്രയും തെളിവുകളോടെ ആരോപണം ഇതുവരെയും ഉയർന്നിട്ടില്ല. അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ഇപ്പോൾ എല്ലാ കോണിൽ നിന്നും ആവശ്യമുയരുകയാണ്. ഇത് കേരളത്തിന്റെ പൊതു വികാരമായി രൂപപ്പെടുന്നു. അപ്പോൾ, ഇത്ര ഗുരുതരമായ തെളിവുകളോട് കൂടി വന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജിവെക്കണം. ജനങ്ങളുടെ മുന്നിലെ തെളിവുകൾ മൂടിവെച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല’ -എം.വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത സി.പി.എമ്മിനുണ്ടെന്നും ചോദ്യത്തിന് ഉത്തരമായി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അശ്ലീല പരാമർശങ്ങൾക്ക് വിധേയയായ വ്യക്തി വർഷങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും മൂടിവെച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റക്കാരനാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി ആരോപിച്ചു. ആരോപണ വിധേയനെതിരെ നടപടിയെടുക്കാതെ ഡബ്ൾ പ്രമോഷൻ നൽകി ആദരിക്കുകയാണ് വി.ഡി സതീശൻ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹൽ മാങ്കൂട്ടത്തിലിന്റെ അശ്ലീല പ്രവർത്തനങ്ങളെ മൂടിവെക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും മുന്നിൽ നിന്നയാൾ ഷാഫി പറമ്പിലാണെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് പുതിയ നേതൃത്വം ഈ രീതിയിലാണെങ്കിൽ വളരെ ഗൗരവമുള്ള കാര്യമാണെന്നും, മൂല്യ തകർച്ച കോൺഗ്രസിനെ ബാധിച്ചിരിക്കുന്നു എന്നതാണ് ഈ വിഷയങ്ങൾ ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവനടിയുടെ ആരോപണത്തിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച രാജിവെച്ചിരുന്നു. വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നായിരുന്നു രാഹുൽ വ്യക്തമാക്കിയത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം മറുപടി പറയണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ, യൂത്ത് കോൺഗ്രസ് പദവി രാജിവെക്കാൻ നിർദേശിച്ച പാർട്ടി എം.എൽ.എ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടെന്നും വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ആരോപിച്ചുകൊണ്ടാണ് യുവ നടി റിനി ആൻജോർജ് കഴിഞ്ഞ ദിവസം രംഗത്തു വന്നത്. പിന്നാലെ, ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നു. പ്രവാസി എഴുത്തുകാരി, ട്രാൻസ് ജെൻഡർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും രാഹുലിനെതിരെ ആരോപണമുയർന്നതോടെയാണ് പാർട്ടി സമ്മർദത്തിലായത്.
എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജി കോൺഗ്രസ് തീരുമാനിക്കട്ടെ എന്നായിരുന്നു നേരത്തെ സി.പി.എം നിലപാട്. എന്നാൽ, മന്ത്രിമാരായ വി. ശിവൻ കുട്ടി, വി.എൻ വാസവൻ ഉൾപ്പെടെ മുതിർന്ന നേതാക്കളും വെള്ളിയാഴ്ച രാജി ആവശ്യവുമായി രംഗത്തെത്തിയത് സി.പി.എം നിലപാട് മാറ്റത്തിന്റെ സൂചനയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് എം.വി ഗോവിന്ദനും രാജിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

