‘മൗനം ഭീരുത്വമല്ല, ഞാൻ ആത്മകഥ എഴുതിയാൽ സത്യം വ്യക്തമാകും’ -രവി ഡീസി
text_fieldsകോട്ടയം: മൗനം ഭീരുത്വമല്ലെന്നും താനൊരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങൾ മാത്രമേയുള്ളുവെന്നും രവി ഡീസി. ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തെക്കുറിച്ച ചാനൽ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് രവി ഒറ്റവാചകത്തിൽ പ്രതികരിച്ചത്.
ഇ.പി. ജയരാജന്റെ ആത്മകഥ ‘കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കാനിരുന്നതാണ്. എന്നാൽ, ചില ഭാഗങ്ങൾ പുറത്തുവന്നതോടെ വിവാദമാവുകയായിരുന്നു. പുറത്തുവന്നത് തന്റെ ആത്മകഥയല്ലെന്ന് പറഞ്ഞ് ഇ.പി രംഗത്തുവന്നതോടെ വിവാദം കടുത്തു.
പിന്നീട് മാതൃഭൂമി ബുക്സ് ‘ഇതാണെന്റെ ജീവിതം’ എന്ന പേരിൽ പുസ്തകം പുറത്തിറക്കുകയായിരുന്നു. ഇക്കാലമത്രയും നിശ്ശബ്ദത പാലിച്ച രവി ഡീസിയെ ചൊടിപ്പിച്ചത് ആത്മകഥ പ്രകാശനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ നടത്തിയ ചില പരാമർശങ്ങളാണ്. രവി മാപ്പ് പറഞ്ഞു എന്നതരത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.
വിവാദങ്ങൾ കത്തിയ കാലത്തും നിശ്ശബ്ദനായിരുന്ന രവി ഡീസി ആദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്. നിശ്ശബ്ദത ഭീരുത്വമായി കരുതരുതെന്നും താനൊരു ആത്മകഥ എഴുതിയാൽ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ എന്നുമുള്ള രവിയുടെ പ്രതികരണത്തിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

