വോട്ടെണ്ണല്‍ 43 ഇടങ്ങളിൽ; കാത്തിരിപ്പിന് പകൽദൂരം
text_fieldsതിരുവനന്തപുരം: 24 നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തിങ്കളാഴ്ച സംസ്ഥാനത്ത് വോട്ടെണ്ണല്‍. രാവിലെ 8.30 മുതല്‍ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങും. 10 മണിയോടെ സംസ്ഥാന ഭരണം ആർക്കെന്നതിൽ ഏകദേശ ചിത്രം വ്യക്തമാകും. 11 മണിയോടെ പൂർണ ചിത്രം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് പറയുന്നത്.
സംസ്ഥാനത്തെ 43 ഇടങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചത്. ഓരോ നിയമസഭ മണ്ഡലത്തിനും വെവ്വേറെ എണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ആറിന് വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറക്കും. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ നിരീക്ഷകരുടെ സാക്ഷ്യപത്രത്തോടെ, വിഡിയോ റെക്കോഡിങ്ങോടെയാണ് സ്ട്രോങ് റൂമുകള്‍ തുറക്കുക. ഇ.വി.എമ്മുകളും വിവിപാറ്റുകളും തരംതരിക്കും. തുടര്‍ന്ന് ത്രിതല സുരക്ഷയോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് യന്ത്രങ്ങൾ കൊണ്ടുപോകും. മുഴുവന്‍ സമയ സി.സി.ടി.വി നിരീക്ഷണവുമുണ്ടാകും.
ആദ്യം തപാല്‍ വോട്ട്, 8.30 മുതൽ യന്ത്രങ്ങളിലെ വോട്ട്
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ടിന് തപാല്‍ വോട്ടുകൾ എണ്ണിത്തുടങ്ങും. 500 തപാല്‍ വോട്ടുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് കേന്ദ്രീകരിക്കുന്നത്. 8.30ന് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിലെ (ഇ.വി.എം) വോട്ടുകൾ എണ്ണിത്തുടങ്ങും. 8.30നു ശേഷവും തപാല്‍ വോട്ടുകള്‍ എണ്ണേണ്ടിവന്നാല്‍ ഒരു ഭാഗത്ത് അതും തുടരും.
ഒരു മണ്ഡലത്തിന് 14 വരെ ടേബിളുകള്‍
ഒരു നിയോജക മണ്ഡലത്തിന് ഒരു ഹാളില്‍ ഏഴു മുതല്‍ പരമാവധി 14 വരെ ടേബിളുകള്‍ ക്രമീകരിക്കും. ഒരു ടേബിളില്‍ ഒരേസമയം ഒരു ഇ.വി.എം വീതമാണ് എണ്ണുക. ഒരു പോളിങ് ബൂത്താണ് ഒരു ഇ.വി.എം. ഒരു ഇ.വി.എം എണ്ണിത്തീര്‍ക്കാന്‍ അഞ്ചു മുതല്‍ എട്ടു മിനിറ്റ് വരെ വേണ്ടിവരും. തര്‍ക്കമുണ്ടായാല്‍ സമയം നീളും. ഒരേസമയം 14 ഇ.വി.എമ്മുകള്‍ വരെ എണ്ണാനാകും. ഇതിനെയാണ് ഒരു റൗണ്ട് എന്ന് പറയുക. ഓരോ റൗണ്ടിലെയും ഫലം തെരഞ്ഞെടുപ്പ് നിരീക്ഷകൻ സാക്ഷ്യപ്പെടുത്തിയശേഷം വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കും.
അഞ്ച് വിവിപാറ്റുകള്‍ വീതം എണ്ണും
കൃത്യത ഉറപ്പാക്കാന്‍ ഓരോ മണ്ഡലത്തിലും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റും നിര്‍ബന്ധമായും എണ്ണും. ഓരോ സ്ഥാനാര്‍ഥിക്കും ഇ.വി.എമ്മിന് ആനുപാതികമായി കൗണ്ടിങ് ഏജന്റുമാരെ നിയമിക്കും. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പരമാവധി 25 കൗണ്ടിങ് ഏജന്റുമാരെ വരെ പാര്‍ട്ടികള്‍ക്കു നിയോഗിക്കാം. ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ എണ്ണവും രേഖകളിലെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടായാൽ വിവിപാറ്റുകള്‍ എണ്ണാന്‍ രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്ക് ആവശ്യപ്പെടാം.
വോട്ടെണ്ണാന്‍ 15,465 ഉദ്യോഗസ്ഥര്‍
വോട്ടെണ്ണല്‍ ജോലികള്‍ക്കായി 15,465 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ചത്. 140 ആര്.ഒമാര്‍, 1,340 അഡീഷനല്‍ ആര്.ഒമാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 5,563 കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ഭാഗമാകും.
വോട്ടെണ്ണല്‍ ഹാളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കണം. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

