രക്ഷിതാക്കളുടെ ഫോൺ നമ്പർ കാണാപ്പാഠം; ക്ലാരി പുത്തൂർ എ.എം.എൽ.പി സ്കൂളിൽ ഫുൾ എ പ്ലസ്
text_fieldsരക്ഷിതാക്കളുടെ ഫോൺ നമ്പർ സംബന്ധിച്ച എഴുത്തുപരീക്ഷയിൽ വിജയിച്ചവർക്ക് മാനേജർ ഇസ്മായിൽ പൂഴിക്കൽ സമ്മാനം നൽകുന്നു
കോട്ടക്കൽ: മക്കൾക്ക് നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ കാണാതെ അറിയുമോ. എന്നാൽ, കുറുകത്താണി ക്ലാരി പുത്തൂർ എ.എം.എൽ.പി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കളുടെ നമ്പർ കാണാതെയറിയും. വിദ്യാർഥികളെ കാണാതാവുന്ന സംഭവങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതർ മുൻകൈയെടുത്താണ് ഇക്കാര്യം പ്രാവർത്തികമാക്കിയത്.
മാസങ്ങൾക്കുമുമ്പ് വിനോദയാത്ര പോയ കുടുംബത്തിലെ കുട്ടിയെ കാണാതാവുകയും രക്ഷിതാക്കളെക്കുറിച്ച വിവരങ്ങൾ നൽകാൻ കുട്ടിക്ക് കഴിയാതിരിക്കുകയും ചെയ്തത് സ്കൂൾ മാനേജർ പൂഴിക്കൽ ഇസ്മായിലിന്‍റെ ശ്രദ്ധയിൽപെട്ടിരുന്നു.
നമ്പർ ഹൃദിസ്ഥമാക്കാൻ ക്ലാസ്തലത്തിൽ പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള 18 ഡിവിഷനുകളില്‍നിന്നുള്ള 620 വിദ്യാർഥികളും രക്ഷിതാക്കളുടെ നമ്പര്‍ അധ്യാപകര്‍ നല്‍കിയ സ്ലിപ്പില്‍ എഴുതിയതോടെ തീരുമാനം പ്രാവർത്തികമായി.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് സമ്മാനങ്ങളും മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. പ്രധാനാധ്യാപകന്‍ കെ മുഹമ്മദ് അഷ്റഫ്, മറ്റ് അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.