ചിഹ്നമില്ലാത്ത താരം, നോട്ട ഇത്തവണ ‘നോട്ടപ്പുള്ളി’യാകുമോ?-‘നോട്ട’ പിടിക്കുന്ന ഓരോ വോട്ടും മുന്നണികളുടെ നെഞ്ചിടിപ്പേറ്റും
text_fieldsതിരുവനന്തപുരം: ജനവിധിക്കുള്ള കാത്തിരിപ്പിൽ എതിർ സ്ഥാനാർഥിയുടേത് മാത്രമല്ല, ‘നോട്ട’ക്കുള്ള വോട്ടും മുന്നണികൾ ഉറ്റുനോക്കുകയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തോളം (98,034) പേരാണ് സ്ഥാനാർഥികളിൽ ആരെയും താല്പര്യമില്ലെന്ന് സാക്ഷ്യപ്പെടുത്തി നോട്ടക്ക് കുത്തിയത്.
അതായത്, ഒരു മണ്ഡലത്തിൽ ശരാശരി 700 പേർ നോട്ടയെ ‘തെരഞ്ഞെടുത്തു’. ജില്ലകൾ താരതമ്യം ചെയ്യുമ്പോഴാകട്ടെ, നോട്ടക്ക് കിട്ടിയ വോട്ടുശരാശരി 2,313 ആണ്.
2013ൽ തെരഞ്ഞെടുപ്പ് കമീഷൻ നോട്ട സംവിധാനം ഏർപ്പെടുത്തിയ ശേഷം 2016ലാണ് സംസ്ഥാനത്ത് ആദ്യമായി പരീക്ഷണം നടന്നത്. 140 മണ്ഡലങ്ങളിലായി 1,07,245 വോട്ടർമാരാണ് (ആകെ പോൾ ചെയ്ത വോട്ടിന്റെ 0.53 ശതമാനം) അന്ന് നോട്ടക്ക് വോട്ട് ചെയ്തത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,03,596 പേർ നോട്ടക്കൊപ്പം കൂടി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നോട്ടയുടെ ജനസമ്മിതി ഇടിഞ്ഞ് 98,034 ലേക്കെത്തി. ഇത്തരത്തിൽ തുടർച്ചയായ വോട്ടിടിവ് മുൻനിർത്തി, നോട്ട അപ്രസക്തമാകുന്നുവെന്ന വിലയിരുത്തലിനിടെയാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ്. 1,58,456 പോരാണ് അന്ന് നോട്ടയെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ നോട്ടയുടെ ഏറ്റവും ഉയർന്ന പ്രകടനമായിരുന്നു അത്. എസ്.ഐ.ആറിന് ശേഷം വോട്ടുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ നോട്ട പിടിക്കുന്ന ഓരോ വോട്ടും മുന്നണികളുടെ നെഞ്ചിടിപ്പേറ്റുകയാണ്.
തലശ്ശേരി വഴി കളമശ്ശേരിയിലേക്ക്
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നോട്ടക്ക് ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത് തലശ്ശേരി മണ്ഡലത്തിലാണ്. 2,313 പേരാണ് സ്ഥാനാർഥികളിൽ ആരെയും വേണ്ടെന്ന് രേഖപ്പെടുത്തിയത്. കളമശ്ശേരി (1,518), ചിറ്റൂർ (1,285), മഞ്ചേരി (1,202), സുൽത്താൻ ബത്തേരി ( 1,160) എന്നിവയാണ് തൊട്ടുപിന്നിൽ.
ഏറ്റവും കുറവ് കൊടുവള്ളി മണ്ഡലത്തിൽ-269. കുറ്റ്യാടി (296), നാദാപുരം (316), താനൂർ (336), പൂഞ്ഞാർ (345) എന്നിവയാണ് പട്ടികയിൽ പിന്നിലുള്ള മറ്റു മണ്ഡലങ്ങൾ.
കാസർകോട്-2,655, കണ്ണൂർ- 8,028, വയനാട്- 2,785, കോഴിക്കോട്-6,622, മലപ്പുറം-11,049, പാലക്കാട്- 9,735, തൃശൂർ- 10,215, എറണാകുളം-10,958, ഇടുക്കി-3,246, കോട്ടയം-5,158, ആലപ്പുഴ-5,619, പത്തനംതിട്ട-2,580, കൊല്ലം-7,864, തിരുവനന്തപുരം-11,520 എന്നിങ്ങനെയാണ് 2021ൽ ജില്ല തിരിച്ചുള്ള നോട്ട വോട്ട്.
ലോക്സഭയിൽ മിന്നി ‘നോട്ട’
ലോക്സഭ തെരഞ്ഞെടുപ്പുകൾ താരതമ്യം ചെയ്യുമ്പോൾ 2019നെ അപേക്ഷിച്ച് 2024ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19ലും നോട്ട വോട്ടുകളിൽ വലിയ വർധനവുണ്ടായി. 2019ൽ 1,03,596 ആയിരുന്നത് 2024ൽ 1,58,456 ആയി. ഏകദേശം 52.95 ശതമാനമാണ് വർധന. ആലത്തൂർ (12,033), കോട്ടയം (11,933) മണ്ഡലങ്ങളിലാണ് 2024ൽ കൂടുതൽ പേർ സ്ഥാനാർഥികളെ നിരാകരിച്ചത്. 2019നെ അപേക്ഷിച്ച് വർധന ഏറ്റവും കൂടുതൽ വയനാട്ടിലാണ്-224.77 ശതമാനം. 2,155ൽ നിന്ന് നോട്ട വോട്ടുകൾ 6,999 ആയാണ് ഉയർന്നത്. വടകര മാത്രമാണ് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് താഴെപ്പോയ ഏക മണ്ഡലം. ഇവിടെ 2019ൽ 3,415 വോട്ടുകൾ നോട്ടയ്ക്ക് ഉണ്ടായിരുന്നത് 2024ൽ 2,909 ആയി കുറഞ്ഞു. 18 മണ്ഡലങ്ങളിലും പ്രധാന മൂന്ന് മുന്നണികൾക്ക് പിന്നിലായി നാലാം സ്ഥാനത്താണ് നോട്ട എത്തിയത്. മധ്യകേരളത്തിലെ മണ്ഡലങ്ങളിലാണ് നോട്ട വോട്ടുകളിൽ ഏറ്റവും വലിയ വർധന പ്രകടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

