വഖഫ് നിയമ ഭേദഗതിയിൽ ജെ.പി.സിയെ പോലും കേന്ദ്രം നോക്കുകുത്തിയാക്കി -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsമലപ്പുറം: വഖഫ് നിയമ ഭേദഗതിയിൽ ജെ.പി.സിയെ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കി വഖഫിൻ്റെ അന്തസത്ത തകർക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്‍ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
ജെ.പി.സി റിപ്പോർട്ടിനെയും അതിന്റെ തുടർ നടപടികളെയും കീഴ്മേൽ മറിക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന മാധ്യമ വാർത്തകളുടെ അന്തസത്ത. ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ബില്ലിലും ഇപ്പോൾ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം, സർക്കാർ വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ്. കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. ഏത് സമയത്തും സർക്കാർ എടുക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഇതിലും എടുത്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
ജെ.പി.സി അംഗങ്ങളെ പോലും പുച്ഛിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ബി.ജെ.പി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന റിപ്പോർട്ട് നേരത്തെ അവർ ബില്ലിൽ അനുവർത്തിച്ചിരുന്ന നയത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൽ ഭേദഗതികളായി കൊണ്ടുവന്ന വഖഫ് ബോർഡുകളിൽ രണ്ട് അമുസ്ലിങ്ങൾ വേണമെന്ന ക്ലോസ് ആവർത്തിച്ചിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുസ്ലിം ആയിക്കൊള്ളണമെന്നില്ല എന്നുള്ള സമീപനവും എടുത്തിട്ടുണ്ട്.
അഞ്ച് വർഷമായി ഇസ്ലാം മതം അനുഷ്ഠിക്കുന്ന വ്യക്തിക്കേ വഖഫ് ചെയ്യാനാവൂ എന്ന നേരത്തെയുള്ള നിയമം കുറച്ചുകൂടി കടുപ്പിച്ചിരിക്കുന്നു. മുസ്ലിം ആണെന്ന് കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആളിന് മാത്രമേ വഖഫ് ചെയ്യാനാവൂ എന്നാക്കി മാറ്റി അത് കൂടുതൽ സങ്കീർണ്ണമാക്കി മാറ്റിയിരിക്കുന്നു.
സർവ്വേകളുടെ ചുമതല വഖഫ് കമ്മിഷനുകളിൽ നിന്ന് മാറ്റി ജില്ല കലക്ടർമാക്ക് കൊടുത്ത നടപടിയും ദുരുപദിഷ്ടമാണ്. ട്രൈബൂണലാണ് വഖഫ് സ്വത്തു സംബന്ധിച്ച അവകാശ തർക്കം പോലുള്ള കാര്യങ്ങളിൽ ഇടപെടേണ്ടത്. എന്നാൽ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല അതും സർക്കാറിന്റെ ദയദാക്ഷിണ്യത്തിന് വിധേയമായി ചെയുന്ന സ്വഭാവത്തിലാണ് വിവക്ഷിച്ചിട്ടുള്ളത്.
പുതിയ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നടപടികൾ സംബന്ധിച്ചും ഗവണ്മെന്റ് അധികാരത്തിലേക്ക് കാര്യങ്ങൾ പോകുന്നു എന്നു മാത്രമല്ല കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താണോ എന്ന് തീരുമാനിക്കാൻ വഖഫ് കമീഷനുകൾക്ക് ഉണ്ടായിരുന്ന അധികാരം ജില്ല കലക്ടർക്ക് നൽകിയ നടപടി ഗുരുതരമാണ്. മുൻ നിയമ പ്രകാരം കലക്ടർക്ക് നൽകിയ അധികാരം പുതിയ നിയമത്തിൽ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് എന്നാക്കി മാറ്റി സർക്കാരിന് കുറേക്കൂടി അമിതാധികാരം നൽകുകയാണ്.
ഇത് സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ഈ കാര്യം സജീവമായി ചർച്ച ചെയ്യണമെന്ന് പാർലമെൻ്റ് കക്ഷി നേതാക്കളുടെ യോഗത്തിൽ ഉന്നയിക്കും. പാർലമെന്റിന്റെ എല്ലാ വേദികളിലും വളരെ ശക്തമായ സമീപനം ഇക്കാര്യത്തിൽ എടുക്കും. പാർലമെന്റിന്റെ അകത്തും പുറത്തും നിരന്തരമായ പോരാട്ടം നടുത്തുമെന്ന മുസ്ലിം ലീഗിന്റെ മുൻ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നിർവഹിക്കുകയും ചെയ്യും. സമാനചിന്താഗതിക്കാരുമായി ഡൽഹിയിൽ ചർച്ച നടത്തുമെന്നും ഇ.ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.