കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേരളീയത്തിന് കോടികൾ മുടക്കാൻ സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നതിനിടെ കേരളീയം പരിപാടിക്ക് കോടികൾ മുടക്കാൻ സര്‍ക്കാര്‍. ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് 27.12 കോടി രൂപ അനുവദിച്ചാണ് ഉത്തരവായത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ധന വകുപ്പ് പറയുമ്പോഴാണ് കേരളീയം അരങ്ങേറുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ കിഫ്ബിയിൽ നിന്ന് വരെ പണമെടുത്താണ് തുക ചെലവഴിക്കുന്നത്. ഇതിന് പുറമെ സ്പോൺസര്‍മാരിൽ നിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നു.
കേരളത്തിന്റെ കലാ -സാംസ്കരിക പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. കേരളീയത്തിന് മുന്നോടിയായി 27.12 കോടി ചെലവഴിക്കുന്നതിന് ഇനം തിരിച്ചാണ് ധനവകുപ്പ് ഉത്തരവിക്കിയത്.
ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനാണ്- 9.39 കോടി. പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറയുന്ന ദീപാലങ്കാരത്തിന് 2.97 കോടിയാണ്. പബ്ലിസിറ്റിക്ക് ചെലവ് 3.98 കോടി രൂപയാണ്. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3.14 കോടി രൂപയാണ്.
സ്റ്റേജ് നവീകരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കിഫ്ബി ഫണ്ടിൽ നിന്ന് വരെ കേരളീയത്തിന് വിഹിതം കണ്ടെത്തി. പ്രോഗ്രാം കമ്മിറ്റിയും 14 സബ് കമ്മിറ്റികളും ചേർന്നാണ് സംഘാടനം. ആദ്യം അനുവദിച്ച തുക പ്രാരംഭ ചെലവുകൾക്ക് മാത്രമാണ്. പരിപാടി മനോഹരമാക്കാൻ സ്പോൺസർമാരെ കണ്ടെത്തി പണം വാങ്ങാനും മറ്റ് ചെലവ് അതാത് വകുപ്പുകൾ കണ്ടെത്താനും സർക്കാർ നിർദേശിച്ചു. നിത്യ ചെലവുകൾക്ക് പോലും പണമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

